

അരവിന്ദ് കെജ്‌രിവാൾ
ന്യൂഡൽഹി: പഞ്ചാബിലേക്ക് എത്തുന്ന മയക്കുമരുന്നിന്‍റെ 80 ശതമാനവും ഇപ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. സംസ്ഥാനത്തെ ലഹരി ഉപയോഗത്തിന്‍റെ പേരിൽ എഎപി സർക്കാരിന് ബിജെപിയിൽ നിന്ന് വിമർശനം നേരിടവേയാണ് കെജ്‌രിവാളിന്‍റെ പ്രസ്താവന.
മുൻപ് പാക്കിസ്ഥാനിൽ നിന്നായിരുന്നു 80 ശതമാനം മയക്കുമരുന്ന് എത്തിയിരുന്നതെന്ന് കെജ്‌രിവാൾ പറഞ്ഞു. എന്നാൽ ഇപ്പോൾ പാക്കിസ്ഥാനിൽ നിന്ന് 20 ശതമാനം മാത്രമാണ് വരുന്നത്. ശേഷിക്കുന്ന 80 ശതമാനം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് വരുന്നത്. സ്വന്തം സംസ്ഥാനങ്ങളിലെ ലഹരി വിൽപന തടയുന്നതിൽ ബിജെപി പരാജയപ്പെട്ടോ അതോ അവർ വേണ്ടെന്ന് വെച്ചതാണോ എന്നും കെജ്‌രിവാൾ ചോദിച്ചു. 30 വർഷത്തോളം ബിജെപി അധികാരത്തിലിരുന്ന ഗുജറാത്തിലാണ് ഏറ്റവുമധികം ലഹരി വിൽപന നടക്കുന്നതെന്നും എക്സിൽ ഹിന്ദിയിലുള്ള പോസ്റ്റിൽ കെജ്‌രിവാൾ പറഞ്ഞു.
2022ൽ പഞ്ചാബിൽ എഎപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പാക്കിസ്ഥാനിൽ നിന്നായിരുന്നു 80 ശതമാനത്തോളം മയക്കുമരുന്നും എത്തിയിരുന്നത്. തുടർന്ന് പാക്കിസ്ഥാനിൽ നിന്നുള്ള ലഹരിക്കടത്ത് തടയാൻ എഎപി സർക്കാർ ആന്‍റി ഡ്രോൺ സംവിധാനം ഏർപ്പെടുത്തിയെന്നും കെജ്‌രിവാൾ പറഞ്ഞു.
ഗുജറാത്തിലെ മുൻദ്ര തുറമുഖത്തിലൂടെയാണ് രാജ്യത്തേക്ക് മയക്കുമരുന്ന് എത്തുന്നതെന്നും മുൻ ഡൽഹി മുഖ്യമന്ത്രി ആരോപിച്ചു. ഇത് തടയേണ്ടത് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും കെജ്‌രിവാൾ പറഞ്ഞു. മയക്കുമരുന്ന് വിപണനം തടയുന്നതിൽ ബിജെപി പഞ്ചാബിനെ കണ്ടുപഠിക്കണമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.