
ഡൽഹി: ന്യൂയോർക്ക്-ന്യൂഡൽഹി വിമാനത്തിൽ സഹയാത്രികനു മേൽ മൂത്രമൊഴിച്ച വിദ്യാർഥി കസ്റ്റഡിയിൽ. അമെരിക്കൻ എയർലൈൻസ് വിമാനത്തിലാണു സംഭവം. യുഎസ് സർവകലാശാലയിലെ വിദ്യാർഥിയാണു പ്രതി. വിമാനം ഡൽഹിയിൽ എത്തിയപ്പോൾ സിഐഎസ്എഫ് ആണു പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വിമാനത്തിൽ മദ്യപിച്ചു കിടന്നുറങ്ങുകയായിരുന്ന പ്രതി ഉറക്കത്തിൽ മൂത്രമൊഴിക്കുകയായിരുന്നു. സഹയാത്രികൻ പരാതി നൽകാൻ തയാറായില്ലെങ്കിലും, വിമാനജീവനക്കാർ പൈലറ്റിനെ വിവരമറിയിച്ചു. തുടർന്നു പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ യൂണിറ്റിനു വിവരം കൈമാറി. വിമാനം ഡൽഹിയിൽ എത്തിയപ്പോൾ പ്രതിയെ കസ്റ്റഡിയിലെടുത്തു. സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഡൽഹി പൊലീസിനു കൈമാറി.
കഴിഞ്ഞ നവംബറിൽ ശങ്കർ മിശ്ര എന്നയാൾ വിമാനത്തിൽ സഹയാത്രികയ്ക്കു മേൽ മൂത്രമൊഴിച്ചതു വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകിയതിനാൽ എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയിരുന്നു.