ദുർഗാ പൂജ പരാമർശം; ആൾ ദൈവത്തിന്‍റെ ചിത്രം കത്തിച്ച കേസിൽ ബംഗാളിൽ‌ കോൺഗ്രസ് നേതാവിന് പൊലീസ് നോട്ടീസ്

പശ്ചിമ ബംഗാൾ കോൺഗ്രസ് ജനറൽ സെക്രട്ടറി ആശുതോഷ് ചാറ്റർജിക്കാണ് നോട്ടീസ് നൽകിയത്
Dhirendra Krishna Shastri, known as Bageshwar Baba.

ബാഗേശ്വർ ബാബ എന്നറിയപ്പെടുന്ന ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

Updated on

കോൽക്കത്ത: ദുർഗാ പൂജയുമായി ബന്ധപ്പെട്ട് ബാഗേശ്വർ ബാബ എന്നറിയപ്പെടുന്ന ആത്മീയ പ്രഭാഷകൻ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്‍റെ ചിത്രം കത്തിച്ചെന്ന കേസിൽ പശ്ചിമ ബംഗാൾ കോൺഗ്രസ് ജനറൽ സെക്രട്ടറി ആശുതോഷ് ചാറ്റർജിക്ക് പൊലീസ് നോട്ടീസ്. ഞായറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാവാൻ ആവശ്യപ്പെട്ട് കോൽക്കത്തയിലെ ഭവാനിപുർ പൊലീസാണ് നോട്ടീസ് നൽകിയത്.

സെപ്റ്റംബർ എട്ടിന് ദക്ഷിണ കോൽക്കത്തയിലെ ഭവാനിപുർ പൊലീസ് സ്റ്റേഷന് മുൻപിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ്. ദുർഗാ പൂജയ്ക്കിടെ ബംഗാളികളെക്കുറിച്ചും ബംഗാളിന്‍റെ സംസ്കാരത്തെപ്പറ്റിയും ഭക്ഷണരീതികളെപ്പറ്റിയും ശാസ്ത്രി നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ചായിരുന്നു സമരം.

പ്രതിഷേധത്തിനിടെ ശാസ്ത്രിയുടെ ചിത്രം നിലത്തിട്ട് ചവിട്ടുകയും ചെരുപ്പുകൊണ്ട് അടിക്കുകയും കത്തിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തുടർന്ന് ദക്ഷിണ കോൽക്കത്ത ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അതനു ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ചാറ്റർജിയെയും ദക്ഷിണ കോൽക്കത്ത ജില്ലാ കോൺഗ്രസ് അധ്യക്ഷൻ പ്രദീപ് പ്രസാദിനെയും പ്രതി ചേർത്തിട്ടുണ്ട്.

ശാസ്ത്രിയുടെ ചിത്രം കത്തിച്ച സംഭവത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്ന് സെപ്റ്റംബർ 10ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പൊലീസിന് നിർദേശം നൽകിയിരുന്നു. ഇത്തരം നടപടികൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം ബംഗാളികളെയോ ബംഗാളിന്‍റെ പാരമ്പര്യങ്ങളെയോ അപമാനിക്കുന്ന ആരുടെയും മുന്നിൽ കോൺഗ്രസ് തലകുനിക്കില്ലെന്ന് അശുതോഷ് ചാറ്റർജി പറഞ്ഞു. വിവാദത്തിന് കാരണമായ പരാമർശങ്ങളിൽ ശാസ്ത്രിക്കെതിരേ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.

സെപ്റ്റംബർ അഞ്ചിന് ഹൗറയിലെ ലിലുവയിൽ നടന്ന പരിപാടിയിലാണ് ദുർഗാപൂജ ദിവസങ്ങളിൽ മാംസാഹാരം ഉപേക്ഷിക്കണമെന്ന് ശാസ്ത്രി ബംഗാളികളോട് ആവശ്യപ്പെട്ടത്. മതപരമായ അവസരങ്ങളിൽ മാംസം കഴിക്കുന്നവരെ അദ്ദേഹം ‘കപടവിശ്വാസികൾ’ എന്നും വിശേഷിപ്പിച്ചിരുന്നു. വിഷയത്തിൽ ശാസ്ത്രിക്കെതിരേ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു.

logo
Metro Vaartha
www.metrovaartha.com