''അയോധ്യയിൽ ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചത്'': മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

ക്ഷേത്രം തകർത്താണു ബാബറി മസ്ജിദ് നിർമിച്ചതെന്നും പള്ളി നിർമാണം അവഹേളന പ്രവൃത്തിയായിരുന്നെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു
d.y. chandrachud ayodha dispute controversy

ഡി.വൈ. ചന്ദ്രചൂഡ്

Updated on

ന്യൂഡൽഹി: അയോധ്യ പ്രശ്നത്തിൽ പുതിയ വിവാദത്തിനു തുടക്കമിട്ട് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ക്ഷേത്രം തകർത്താണു ബാബറി മസ്ജിദ് നിർമിച്ചതെന്നും പള്ളി നിർമാണം അവഹേളന പ്രവൃത്തിയായിരുന്നെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ക്ഷേത്രം തകർത്താണു പള്ളി നിർമിച്ചതെന്നു സുപ്രീം കോടതി വിധിയിൽ പറയുന്നില്ലെന്ന് മാധ്യമപ്രവർത്തകൻ ചൂണ്ടിക്കാട്ടിയപ്പോൾ വിമർശിക്കുന്നവർ വിധി ശരിയായി വായിച്ചിട്ടില്ലെന്നായിരുന്നു മുൻ ചീഫ് ജസ്റ്റിസിന്‍റെ മറുപടി. അയോധ്യ കേസിൽ വിധി പറഞ്ഞ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്.

1949 ഡിസംബറിൽ പള്ളിക്കുള്ളിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതു പോലുള്ള അവഹേളിക്കൽ പ്രവൃത്തികൾക്ക് ഹിന്ദു കക്ഷികൾ ഉത്തരവാദികളായിരുന്നോ എന്ന ചോദ്യത്തിനു മറുപടി നൽകുമ്പോഴാണു ക്ഷേത്രം പൊളിച്ച് പള്ളി നിർമിച്ചതു തന്നെ അവഹേളനമായിരുന്നെന്നു ചന്ദ്രചൂഡ് മറുപടി നൽകിയത്. ഈ പരാമർശം 2019ലെ സുപ്രീം കോടതി വിധിക്ക് വിപരീതമാണെന്ന് മാധ്യമപ്രവർത്തകൻ ചൂണ്ടിക്കാട്ടി. ഹിന്ദു ക്ഷേത്രം തകർത്താണ് ബാബരി മസ്‌ജിദ് നിർമിച്ചതെന്ന നിഗമനത്തിലെത്താൻ തെളിവുകളില്ലെന്ന് വിധിയിൽ രേഖപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, നടുമുറ്റം അശുദ്ധമാക്കിയത് ഹിന്ദുക്കളാണെന്ന് നിങ്ങൾ പറയുമ്പോൾ, പള്ളി നിർമിച്ചത് തന്നെ ആ അടിസ്ഥാനപരമായ അവഹേളിക്കൽ അല്ലേയെന്നായിരുന്നു ചന്ദ്രചൂഡിന്‍റെ ചോദ്യം. അതിനെക്കുറിച്ച് എന്തു പറയുന്നു. ചരിത്രത്തിൽ സംഭവിച്ചത് നമ്മൾ മറക്കണോ? പള്ളിക്ക് താഴെ ഒരു ക്ഷേത്രമുണ്ടായിരുന്നു. ക്ഷേത്രം തകർത്താണ് പള്ളി പണിതത്. പുരാവസ്‌തു പ്രാധാന്യമുള്ള തെളിവുകൾ വിധിയിൽ കോടതി കണ്ടെത്തിയിട്ടുണ്ട്.

വിധിയെ വിമർശിക്കുന്നവർ പള്ളിയുടെ അടിസ്ഥാന ചരിത്രം അവഗണിക്കുന്നു. അവർ തങ്ങളുടെ വ്യാഖ്യാനത്തിനു പിന്തുണ നൽകാൻ‌ താരതമ്യ ചരിത്രത്തെയും ചരിത്രത്തിൽ നിന്ന് അടർത്തിയെടുത്ത ഭാഗത്തെയും ആശ്രയിക്കുന്നു. തെളിവുകളുടെയും പരമ്പരാഗത മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് ഞങ്ങൾ ഒരു നിഗമനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com