
ന്യൂഡൽഹി: ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന വാർത്തകൾ തള്ളി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. താൻ വിശ്രമജീവിതം ആസ്വദിക്കുകയാണെന്നും പുതിയ പദവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ കഴമ്പില്ലെന്നും ചന്ദ്രചൂഡ് പ്രതികരിച്ചു. രാജ്യത്തിന്‍റെ അമ്പതാം ചീഫ് ജസ്റ്റിസായിരുന്ന ചന്ദ്രചൂഡ് കഴിഞ്ഞ മാസം പത്തിനാണു വിരമിച്ചത്.
കഴിഞ്ഞ ജൂൺ ഒന്നിനു സുപ്രീം കോടതി മുൻ ജഡ്ജി അരുൺ കുമാർ സിൻഹ സ്ഥാനമൊഴിഞ്ഞ ശേഷം മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് ആരെയും നിയമിച്ചിട്ടില്ല. കമ്മിഷനംഗം വിജയഭാരതി സയാനി ആക്റ്റിങ് ചെയർമാനായി പ്രവർത്തിക്കുകയാണ്. 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പുതിയ അധ്യക്ഷനെ പരിഗണിക്കുന്നതിനു യോഗം ചേർന്നിരുന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഈ യോഗത്തിൽ പങ്കെടുത്തു. ഇതിനു പിന്നാലെയാണു ചന്ദ്രചൂഡിനെ തെരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.