
ന്യൂ ഡൽഹി: ഡൽഹി സാമൂഹ്യ ക്ഷേമമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായി രാജ്കുമാർ ആനന്ദിന്‍റെ വസതിയിൽ ഇഡി പരിശോധന. കള്ളപ്പണക്കേസിലാണ് റെയ്ഡ്. വ്യാഴാഴ്ച രാവിലെ ഡൽഹി സിവിൽ ലൈൻ മേഖലയിലെ രാജ് കുമാറിന്‍റെ വസതിയിലാണ് ഇഡി റെയ്ഡ് നടത്തിയത്.പരിശോധന തുടരുകയാണ്. മന്ത്രിയുമായി ബന്ധമുള്ള മറ്റ് 9 ഇടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ ഇഡി കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് അദ്ദേഹം ഇഡിക്കു മുന്നിൽ ഹാജരായേക്കില്ലെന്ന് സൂചന.
കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കുന്നതിനായുള്ള ശ്രമം നടക്കുന്നതായി പാർട്ടി നേതാക്കൾ ആരോപിച്ചിരുന്നു.