
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ തലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിത ചന്ദ്രശേഖർ റാവുവിനെ ഇഡി ശനിയാഴ്ച്ച ചോദ്യം ചെയ്യും. ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന കവിതയുടെ ആവശ്യം ഇഡി അംഗീകരിക്കുകയായിരുന്നു.
മദ്യനയ കേസിൽ ഇന്ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഇഡി കവിതക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇന്ന് ഹാജരാവാൻ അസൗകര്യമുണ്ടെന്ന് വ്യക്തമാക്കി കവിത ഇഡിക്ക് മറുപടി നൽകുകയായിരുന്നു. പാർലമെന്‍റിലും നിയമസഭയിലും 33 ശതമാനം സംവരണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉപവാസ സമരത്തിൽ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കവിത ഇഡിക്കുമുന്നിൽ മറുപടി നൽകിയത്.
ഇത് അംഗീകരിച്ച ഇഡി ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ഹാജരാവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കേസിൽ അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളക്ക് ഒപ്പം ഇരുത്തി കവിതയെ ചോദ്യം ചെയ്യും എന്നാണ് പുറത്തുവരുന്ന സൂചന. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ സിബിഐ 7 മണിക്കൂറോളം കവിതയെ ചോദ്യം ചെയ്തിരുന്നു. അഴിമതിയിൽപ്പെട്ട ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65% ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇ ഡി കേസെടുത്തത്.
അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്കു ശേഷമാണ് ഇ ഡിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നീക്കം. സിസോദിയടക്കം പത്തുപേരാണ് അറസ്റ്റിലായിരിക്കുന്നത്.