
ഏക്നാഥ് ഷിൻഡെ
മുംബൈ: മഹാകുംഭമേളയിൽ പങ്കെടുക്കാത്തതിന് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെയും നെഹ്റു- ഗാന്ധി കുടുംബാംഗങ്ങളെയും വിമർശിച്ച് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ഹിന്ദുവാണെന്നു പരസ്യമായി പ്രഖ്യാപിക്കാൻ ഭയമുള്ളതിനാലാണ് ഉദ്ധവ് വിട്ടുനിന്നതെന്ന് ഷിൻഡെ ആരോപിച്ചു.
മഹാശിവരാത്രിയോടെ കുംഭമേള സമാപിച്ചതിനു പിന്നാലെയാണു ഷിൻഡെയുടെ വിമർശനം. മഹാകുംഭ മേളയിൽ പങ്കെടുക്കാത്തവരോട് അതെന്തുകൊണ്ടാണെന്നു നിങ്ങൾ ചോദിക്കണം. തങ്ങൾ ഹിന്ദുക്കളെന്നാണ് അവരും പറയുന്നത്. ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയണമെന്നായിരുന്നു ബാൽ താക്കറെ ആഹ്വാനം ചെയ്തിരുന്നത്- ഷിൻഡെ മാധ്യമങ്ങളോടു പറഞ്ഞു.
മന്ത്രിമാർക്കു ജില്ലകളുടെ ചുമതല നൽകുന്നതു സംബന്ധിച്ച തർക്കങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ഷിൻഡെ പറഞ്ഞു. നാസിക്കിന്‍റെ ചുമതല ബിജെപിയുടെ ഗിരീഷ് മഹാജനും റായ്ഗഡിന്‍റേത് എൻസിപിയുടെ അദിതി തത്കറെയ്ക്കും നൽകിയതിൽ ഷിൻഡെ വിയോജിപ്പ് അറിയിച്ചിരുന്നു. രണ്ടു ജില്ലകളും ശിവസേനയ്ക്കു വേണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം. തുടർന്ന് മുൻ തീരുമാനം മരവിപ്പിച്ചിരുന്നു.