രാഹുൽ ഉപയോഗിച്ചത് തെരഞ്ഞെടുപ്പ് രേഖകളല്ല; വീണ്ടും കമ്മിഷന്‍റെ നോട്ടീസ്

വ്യാഴാഴ്ചയായിരുന്നു വാർത്താ സമ്മേളനം വിളിച്ച് രാഹുൽ വോട്ട് മോഷ്ടിച്ചെന്ന ആരോപണം ഉന്നയിച്ചത്
election commission notice against rahul gandhi again
Rahul Gandhi

file image

Updated on

ന്യൂഡൽഹി: വോട്ട് ക്രമക്കേട് ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും കർണാടക തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്. രാഹുൽ വാർത്താ സമ്മേളനം വിളിച്ച് പ്രദർശിപ്പിച്ച രേഖകളൊന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍റേതല്ലെന്നാണ് നോട്ടീസിൽ പറയുന്നത്. കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധി പുറത്തുവിട്ട രേഖകളൊന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍റേതല്ല, രാഹുൽ പുറത്തുവിട്ട രേഖകൾ എതാണെന്ന് വ്യക്തമാക്കണമെന്നും നോട്ടീസിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകണമെന്നും നിർ‌ദേശിക്കുന്നു.

ശകുൻ റാണി രണ്ട് തവണ വോട്ട് ചെയ്തെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ ശകുൻ റാണി ഒരു തവണ മാത്രമാണ് വോട്ട് ചെയ്തെന്ന് തെളിഞ്ഞിട്ടുണ്ട്. രാഹുൽ വാർത്താ സമ്മേളനത്തിൽ കാണിച്ച ടിക്ക് അടയാളപ്പെടുത്തിയ രേഖകൾ പൊളിങ് ഓഫിസർ നൽകിയ രേഖയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. അതിനാൽ ആരോപണങ്ങളിൽ വ്യക്തത വരുത്തുന്ന രേഖകൾ ഹാജരാക്കണം. അതിന്‍റെ അടിസ്ഥാനത്തിൽ കൃത്യമായ അന്വേഷണം നടത്താൻ സാധിക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസിൽ പറയുന്നു.

വ്യാഴാഴ്ചയായിരുന്നു വാർത്താ സമ്മേളനം വിളിച്ച് രാഹുൽ വോട്ട് മോഷ്ടിച്ചെന്ന ആരോപണം ഉന്നയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിങ്ങിൽ ക്രമക്കേട് നടന്നെന്നായിരുന്നു രാഹുലിന്‍റെ പരാമർശം. ബിജെപിയുടെ കള്ളത്തരങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷനും കൂട്ടുനിൽക്കുന്നുവെന്നും രാഹുൽ ആരോപിച്ചിരുന്നു. വിഷയത്തിൽ ആദ്യമായാണ് തെരഞ്ഞെടുപ്പു കമ്മിഷൻ പ്രതികരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com