

chief election commissioner gyanesh kumar
ന‍്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാർ വോട്ട് ചെയ്തുവെന്ന ആരോപണത്തിന് മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ. 7.42 കോടി വോട്ടർമാരാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനു ശേഷം പുറത്തിറക്കിയ അന്തിമ പട്ടികയിൽ ഉണ്ടായിരുന്നതെന്നും അതിനാലാണ് 7.45 കോടി വോട്ടർമാർ എന്ന് കമ്മിഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ‍്യക്തമാക്കി.
എസ്ഐആറിനു ശേഷം ബിഹാറിലെ വോട്ടർ പട്ടികയിൽ 7.42 കോടി ജനങ്ങളുണ്ടായിരുന്നു. പക്ഷേ വോട്ടെടുപ്പിനു ശേഷമുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാർത്താക്കുറിപ്പിൽ 7, 45, 26, 858 പേർ വോട്ട് ചെയ്തതായാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനെതിരേ സിപിഎം, കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര‍്യത്തിൽ വിശദീകരണം നൽകാൻ തയാറാവണമെന്നും മൂന്നു ലക്ഷത്തിലേറെ വോട്ടർമാരുടെ വർധനയുണ്ടായെന്നും പാർട്ടികൾ ആരോപിച്ചിരുന്നു. അന്തിമ വോട്ടർ പട്ടിക പുറത്തിറക്കിയതിനു പിന്നാലെ പേര് ചേർക്കാൻ പത്തു ദിവസം അവസരം ഉണ്ടായിരുന്നതായും അങ്ങനെയാണ് 7.45 കോടി വോട്ടർമാരായതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന വിശദീകരണം.