കറന്‍റ് ബിൽ കൂടാൻ വഴി തെളിഞ്ഞു

വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൂടി ഏകദേശം ഒന്നര ലക്ഷം കോടി രൂപയിലധികം തുക വൈദ്യുതി വിതരണ കമ്പനികള്‍ക്കു നല്‍കാനുണ്ട്
Electricity bills likely to go up across India

കറന്‍റ് ബിൽ കൂടാൻ വഴി തെളിഞ്ഞു.

freepik.com

Updated on

ന്യൂഡല്‍ഹി: വൈദ്യുതി വിതരണ കമ്പനികള്‍ക്ക് (ഡിസ്‌കോംസ്) നല്‍കാനുള്ള കുടിശിക നാല് വര്‍ഷത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ച് സുപ്രീം കോടതി വിധി. ഇതോടെ രാജ്യത്തുടനീളം വൈദ്യുതി നിരക്ക് വര്‍ധിച്ചേക്കും. വൈദ്യുതി വിതരണ കമ്പനികള്‍ക്ക് നല്‍കാനുള്ള വര്‍ഷങ്ങളായി കുടിശ്ശികയുള്ള തുക തീര്‍പ്പാക്കണമെന്ന് ബുധനാഴ്ചയാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ഇതിനായി വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും കോടതി അംഗീകരിച്ചു. അതേസമയം, നിരക്ക് വര്‍ധന ന്യായമായിരിക്കണമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ രാജ്യത്തുടനീളമുള്ള ഉപയോക്താക്കളുടെ വൈദ്യുതി ബിൽ ഉയരാൻ സാധ്യതയുണ്ട്.

റെഗുലേറ്ററി ആസ്തികള്‍ (നിയന്ത്രിത ആസ്തികള്‍) എന്ന വിഭാഗത്തിലാണ് വൈദ്യുതി വിതരണ കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തരംതിരിച്ചിട്ടുള്ളത്. പതിറ്റാണ്ടുകളായി ഈ തുക തീർപ്പാക്കാതെ കുമിഞ്ഞുകൂടുകയാണ്. രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന് ഏതാണ്ട് ഒന്നര ലക്ഷം കോടി രൂപയിലധികം തുക വൈദ്യുതി വിതരണ കമ്പനികള്‍ക്ക് നല്‍കാനുണ്ടെന്നാണ് കണക്ക്.

ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കുടിശ്ശിക തീര്‍പ്പാക്കാന്‍ സമയപരിധി അനുവദിച്ച് ഉത്തരവിറക്കിയത്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകള്‍ (എസ്ഇആര്‍സി) ഈ തുക തിരിച്ചുപിടിക്കുന്നതിനുള്ള സമയബന്ധിതമായ മാര്‍ഗരേഖ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. കൂടാതെ ഈ നിർദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള മേല്‍നോട്ടം വഹിക്കാന്‍ ഇലക്ട്രിസിറ്റി അപ്പലേറ്റ് ട്രൈബ്യൂണലിനെ (എപിടിഇഎല്‍) കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്.

വര്‍ഷങ്ങളായി നിയന്ത്രിത ആസ്തികള്‍ അനിയന്ത്രിതമായി കുമിഞ്ഞുകൂടുന്നത് തടയുന്നതില്‍ പരാജയപ്പെട്ടതില്‍ റെഗുലേറ്ററി കമ്മീഷനുകളെയും അപ്പലേറ്റ് ട്രൈബ്യൂണലിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന കുടിശ്ശിക ആത്യന്തികമായി ഉപഭോക്താക്കള്‍ക്കുമേല്‍ ഭാരമുണ്ടാക്കുന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടി. കമ്മീഷനുകളുടെ കാര്യക്ഷമമല്ലാത്തതും അനുചിതവുമായ പ്രവര്‍ത്തനം റെഗുലേറ്ററി പരാജയത്തിലേക്ക് നയിച്ചേക്കുമെന്നും കോടതി പറഞ്ഞു. നിയന്ത്രിത ആസ്തികളുടെ ശതമാനം നിയമപരമായ പരിധി കവിയരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

വൈദ്യുതി വിതരണ കമ്പനികള്‍ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ യഥാർഥ വിലയും സംസ്ഥാന റെഗുലേറ്റര്‍മാര്‍ അംഗീകരിച്ച കുറഞ്ഞ വിലയ്ക്കും ഇടയിലുള്ള നഷ്ടത്തെയാണ് റെഗുലേറ്ററി ആസ്തികള്‍ എന്ന് സൂചിപ്പിക്കുന്നത്. ഉപഭോക്തൃ നിരക്കുകള്‍ താങ്ങാനാവുന്ന വിലയില്‍ നിലനിര്‍ത്താന്‍ റെഗുലേറ്റര്‍മാര്‍ പലപ്പോഴും ഈ തുക വിതരണ കമ്പനികള്‍ക്ക് നല്‍കുന്നത് മാറ്റിവയ്ക്കുന്നു. കാലക്രമേണ ഈ മാറ്റിവച്ച പേയ്‌മെന്‍റുകള്‍ പലിശ ആകര്‍ഷിക്കുകയും അത് വര്‍ദ്ധിച്ചുവരുന്ന ബാധ്യതകളായി മാറുകയും ചെയ്യുന്നു.ഡല്‍ഹി ആസ്ഥാനമായുള്ള വൈദ്യുതി വിതരണ കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കേസിന് ആധാരമായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com