കടയിൽ കയറി ബിസ്കറ്റ് 'കൈപ്പറ്റുന്ന' കാട്ടാന: ഇതു ഗോഹട്ടിയിലെ മധുരക്കൊമ്പൻ - Video

ആനയുടെയും തയ്യൽക്കാരന്‍റെയും പഴയ കഥ ഓർമിപ്പിക്കുന്നൊരു സംഭവം അസമിൽനിന്ന്
കടയിൽ കയറി ബിസ്കറ്റ് 'കൈപ്പറ്റുന്ന' കാട്ടാന: ഇതു ഗോഹട്ടിയിലെ മധുരക്കൊമ്പൻ - Video
@Zaitra6
Updated on

പണ്ടു പണ്ട് കുഞ്ഞുന്നാളിൽ കേട്ടുരസിച്ചൊരു ആനക്കഥയുണ്ട്. എന്നും തയ്യൽക്കാരന്‍റെ കടയിൽ ചെന്ന് പഴം വാങ്ങിത്തിന്നുന്ന ആനയുടെ കഥ. ഒരു ദിവസം പഴത്തിനു പകരം സൂചികൊണ്ട് തുമ്പിക്കൈക്കു കുത്തിയ തയ്യൽക്കാരനെ ആന കുളി കഴിഞ്ഞു വന്ന് വെള്ളത്തിൽ കുളിപ്പിച്ചതൊക്കെ പലരും കുട്ടിക്കാലത്ത് പ്രാക്റ്റിക്കൽ വരെ ചെയ്തു നോക്കിയിട്ടുണ്ടാവും.

അങ്ങനെയൊരു കഥയാണ് ഇപ്പോൾ അസമിലെ ഗോഹട്ടിയിൽ നിന്നു വരുന്നത്. ശരിക്കു പറഞ്ഞാൽ കഥയല്ല, സൈത്ര എന്ന ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വിഡിയൊ. ഗോഹട്ടിയിലെ അംചാങ് വന്യമൃഗ സങ്കേതത്തിൽനിന്നിറങ്ങി വന്ന ആനയാണ് അടുത്തുള്ള കടയിൽ കയറി സാധനങ്ങളെടുക്കാൻ തുനിഞ്ഞത്. യാദൃച്ഛികമായി കയറിയതൊന്നുമില്ല, ആറു കിലോമീറ്റർ നടന്ന് കട കണ്ടുപിടിച്ചു തന്നെ വന്നതാണ്. ചെറിയ പ്രവേശന കവാടത്തിലൂടെ തന്‍റെ വലിയ ശരീരം കടയ്ക്കൊരു കേടുപാടും പറ്റാതെ അകത്തു കടത്തിയാണ് തുമ്പിക്കൈ നീട്ടി ഭക്ഷ്യ വസ്തുക്കൾ പരിശോധിക്കുന്നത്.

അരിക്കൊമ്പനും പടയപ്പയുമൊക്കെ ഭീതി വിതയ്ക്കുന്ന വാർത്തകളാണ് കേരളത്തിലെങ്കിൽ, അസമിൽ ആനകൾ ഇവിടത്തേതിനെക്കാൾ കൗതുകമാണ് ആളുകൾക്ക്. ഗോഹട്ടിയിലെ കടക്കാരൻ ആനയുടെ ആവശ്യം മനസിലാക്കി പെട്ടെന്നു തന്നെ കുറച്ച് മധുര പലഹാരങ്ങളും ബിസ്കറ്റുമെല്ലാം എടുത്തു വച്ചുകൊടുത്തു. ആനയാകട്ടെ, അതെല്ലാം (തുമ്പി)കൈപ്പറ്റി വന്നതു പോലെ വളരെ സൂക്ഷിച്ച്, പിന്നോട്ടു മാത്രം ചുവടു വച്ച്, കടയ്ക്കൊരു പോറൽ പോലുമില്ലാതെ പുറത്തേക്കിറങ്ങി തിരിച്ചു നടക്കുന്നു. ഇതിനിടെ, കടയിൽ തന്നെയുള്ള മറ്റൊരാൾ കടലാസ് കത്തിച്ച് തീകാട്ടി ആനയെ പേടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൊമ്പൻ അതൊന്നും ശ്രദ്ധിച്ച മട്ടുപോലുമില്ല.

കട കുത്തിപ്പൊളിച്ചെന്ന വാർത്തയോ, മയക്കുവെടി വയ്ക്കാനുള്ള ഉത്തരവോ, കുങ്കിയാക്കണമെന്ന ആവശ്യമോ ഒന്നും ഇതുവരെ വന്നതായി റിപ്പോർട്ടില്ല.

കേരളത്തിൽ ഇന്നുള്ള നാട്ടാനകളിൽ വലിയൊരു പങ്കും അസമിൽ നിന്നു കൊണ്ടുവന്നവയാണ്. കേരളത്തിലെ കാൽ ലക്ഷത്തോളം കാട്ടാനകളുള്ള സ്ഥാനത്ത് അസമിൽ അയ്യായിരത്തോളം മാത്രമാണുള്ളത്. ആനകളുടെ സംസ്ഥാനാന്തര കൈമാറ്റത്തിനു കടുത്ത നിയന്ത്രണങ്ങളുള്ളതിനാൽ ഇപ്പോൾ അസമിൽ നിന്ന് കേരളത്തിലേക്ക് ആനകളെ കൊണ്ടുവരുന്നതും അപൂർവമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com