

കാട്ടാന റോളക്സ്
file image
കോയമ്പത്തൂർ: ഒരു മാസം മുൻപ് കോയമ്പത്തൂരിലെ ബൊലുവംപട്ടിയിൽ നിന്നു തമിഴ്നാട് വനംവകുപ്പ് പിടികൂടി ആനമല കടുവ സങ്കേതത്തിലെ മന്തിരിമറ്റത്ത് തുറന്നുവിട്ട കാട്ടാന റോളക്സ് ചരിഞ്ഞു. ബുധനാഴ്ച വൈകിട്ട് നടക്കുന്നതിനിടെ അടിതെറ്റിവീണ് ചരിയുകയായിരുന്നെന്നു തമിഴ്നാട് വനംവകുപ്പ്. നാൽപ്പതു വയസുണ്ട് ആനയ്ക്ക്.
റേഡിയോ കോളർ ധരിപ്പിച്ചിരുന്ന ആനയെ നിരീക്ഷിച്ചിരുന്ന വനംവകുപ്പ് ജീവനക്കാരുടെ കൺമുന്നിലാണ് മരണമെന്നും വനംവകുപ്പ്. ആന വീഴുന്നതു കണ്ട് ജീവനക്കാർ അടുത്തു ചെന്ന് നോക്കുമ്പോൾ അനക്കമുണ്ടായിരുന്നില്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ രാകേഷ് കുമാർ ഡോഗ്ര. മൂന്നു പേരെ കൊലപ്പെടുത്തിയതിനെത്തുടർന്ന് ഒക്റ്റോബർ 17നാണ് റോളക്സിനെ വനംവകുപ്പ് പിടികൂടിയത്.
തമിഴ്നാട് വനംവകുപ്പ് പുനരധിവസിപ്പിച്ച രണ്ടാമത്തെ ആനയാണ് ഒരാഴ്ചയ്ക്കിടെ ചരിയുന്നത്. ഒ വാലിയിൽ 12 പേരുടെ ജീവനെടുത്തതിനെത്തുടർന്നു മയക്കുവെടിവച്ചു പിടികൂടി കളക്കാട് മുണ്ടന്തുറൈ വനത്തിലെ കോതയാറിലേക്ക് പുനരധിവസിപ്പിച്ച രാധാകൃഷ്ണൻ എന്ന കൊമ്പൻ കഴിഞ്ഞ ദിവസം ചരിഞ്ഞിരുന്നു. 15 അടി ഉയരമുള്ള പാറക്കെട്ടിൽ നിന്നു വീഴുകയായിരുന്നു രാധാകൃഷ്ണൻ.