

കോൽക്കത്ത-ദുബായ് റൂട്ടിൽ എയർബസ് എ350
കോൽക്കത്ത: കോൽക്കത്ത–ദുബായ് റൂട്ടിൽ എയർബസ് എ350 വിമാനം അവതരിപ്പിച്ച് എമിറേറ്റ്സ്. ഇതോടെ ഇരു നഗരങ്ങൾക്കുമിടയിലെ പ്രതിവാര വിമാന സർവീസുകളുടെ എണ്ണം 11ൽ നിന്ന് 12 ആയി ഉയർന്നു. എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് (എഎഐ) ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്.
പുതിയ വിമാനത്തിന്‍റെ സർവീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി കോൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു.
ആധുനിക സൗകര്യങ്ങളുള്ള വൈഡ് ബോഡി വിമാനം സർവീസിൽ ഉൾപ്പെടുത്തിയതും പ്രതിവാര സർവീസുകളുടെ എണ്ണം വർധിപ്പിച്ചതും കോൽക്കത്തയുടെ അന്താരാഷ്ട്ര വ്യോമബന്ധം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. കിഴക്കൻ ഇന്ത്യയിൽ വിമാനയാത്രയ്ക്കുള്ള വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റാനും ഇതിലൂടെ സാധിക്കുമെന്ന് എഎഐ വ്യക്തമാക്കി.
കോൽക്കത്ത വിമാനത്താവള ഡയറക്റ്റർ വിക്രം സിങ് പുതിയ വിമാനത്തെ സ്വാഗതം ചെയ്തു. എയർബസ് എ350 അവതരിപ്പിച്ചതും അധിക സർവീസ് ആരംഭിച്ചതും അന്താരാഷ്ട്ര വിമാനയാത്രയ്ക്കുള്ള വർധിച്ചുവരുന്ന ആവശ്യകതയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സർവീസിന് എമിറേറ്റ്സ് സംഘത്തിനും യാത്രക്കാർക്കും അദ്ദേഹം ആശംസകൾ നേർന്നു.
കിഴക്കൻ ഇന്ത്യയുടെ പ്രധാന അന്താരാഷ്ട്ര കവാടങ്ങളിലൊന്നായ കോൽക്കത്തയിൽ എമിറേറ്റ്സിന്‍റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ആഗോള വ്യോമയാന കേന്ദ്രമായ ദുബായിലേക്ക് യാത്രക്കാർക്ക് ഒരു അധിക പ്രതിവാര സർവീസ് കൂടി ഇതിലൂടെ ലഭിക്കും.