'ഒഴിച്ചിട്ട' കസേരകളുമായി പ്രതിപക്ഷ റാലി; കെജ്‌രിവാളിനെ കൊല്ലാൻ ശ്രമമെന്ന് സുനിത

റാഞ്ചി മഹാറാലിയിൽ കൈകോർത്ത് പ്രതിപക്ഷ നേതാക്കൾ; അനാരോഗ്യം മൂലം രാഹുൽ പങ്കെടുത്തില്ല
Empty chairs on stage for jailed Hemant Soren and Arvind Kejriwal at INDIA rally
Empty chairs on stage for jailed Hemant Soren and Arvind Kejriwal at INDIA rally

റാഞ്ചി: ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും വേണ്ടി വേദിയിൽ കസേരകൾ ഒഴിച്ചിട്ട് റാഞ്ചിയിൽ "ഇന്ത്യ' മുന്നണിയുടെ റാലി. ഝാർഖണ്ഡ് മുക്തി മോർച്ചയുടെ ആഭിമുഖ്യത്തിൽ പ്രഭാത് താര മൈതാനിയിൽ സംഘടിപ്പിച്ച "ഉൽഗുലാൻ ന്യായ് മഹാറാലി'യാണ് കേന്ദ്ര ഏജൻസികളെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആരോപണത്തിന് ബലം നൽകാൻ പുതിയ മാർഗം സ്വീകരിച്ചത്.

28 പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ കെജ്‌രിവാളിനു പകരം ഭാര്യ സുനിത വേദിയിലെത്തി. ഹേമന്ത് സോറന്‍റെ ഭാര്യ കൽപ്പനയും നേതാക്കൾക്കൊപ്പം അണിനിരന്നു. സുനിത എഎപിയുടെയും കൽപ്പന ജെഎംഎമ്മിന്‍റെയും നേതൃത്വം ഏറ്റെടുക്കുന്നുവെന്ന സൂചനകളും ഇതോടെ ശക്തമായി.

അതേസമയം, അനാരോഗ്യം മൂലം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കേരളത്തിൽ പ്രചാരണത്തിരക്കിലായതിനാൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുത്തില്ല. കേരളത്തിൽ പരസ്പരം രൂക്ഷമായ ആരോപണങ്ങളുന്നയിക്കുന്നതിനിടെ യെച്ചൂരിയും രാഹുലും മുഖാമുഖമെത്തേണ്ട സാഹചര്യവും ഇതുമൂലം ഒഴിവായി. കോൺഗ്രസിനു വേണ്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണു പങ്കെടുത്തത്.

ഝാർഖണ്ഡ് മുക്തി മോർച്ചയുടെ ആഭിമുഖ്യത്തിൽ റാഞ്ചി പ്രഭാത് താര മൈതാനിയിൽ സംഘടിപ്പിച്ച "ഉൽഗുലാൻ ന്യായ് മഹാറാലി'യിൽ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലെ നേതാക്കൾ സദസിനെ അഭിവാദ്യം ചെയ്യുന്നു.
ഝാർഖണ്ഡ് മുക്തി മോർച്ചയുടെ ആഭിമുഖ്യത്തിൽ റാഞ്ചി പ്രഭാത് താര മൈതാനിയിൽ സംഘടിപ്പിച്ച "ഉൽഗുലാൻ ന്യായ് മഹാറാലി'യിൽ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലെ നേതാക്കൾ സദസിനെ അഭിവാദ്യം ചെയ്യുന്നു.

പ്രമേഹ രോഗിയായ കെജ്‌രിവാളിന് ഇൻസുലിൻ നിഷേധിച്ച് കൊലപ്പെടുത്താനാണു ബിജെപിയുടെ ശ്രമമെന്നു സുനിത ആരോപിച്ചു. ബിജെപിയുടെ ഏകാധിപത്യത്തിനെതിരേയാണ് "ഇന്ത്യ' മുന്നണിയുടെ പോരാട്ടം. ഇതിൽ വിജയം നേടും. കെജ്‌രിവാളിന് അധികാരമോഹമില്ല. രാജ്യത്തെ സേവിക്കാനും ലോകത്തിൽ ഒന്നാമതെത്തിക്കാനുമാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം. ജയിലിൽ കഴിയുമ്പോഴും രാജ്യത്തെക്കുറിച്ചാണ് കെജ്‌രിവാളിന്‍റെ ചിന്തയെന്നും സുനിത.

മദ്യനയ അഴിമതിക്കേസിൽ കഴിഞ്ഞമാസം 21നാണു കെജ്‌രിവാൾ അറസ്റ്റിലായത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ജനുവരി 31നായിരുന്നു സോറന്‍റെ അറസ്റ്റ്. ജെഎംഎം നേതാവ് ഷിബു സോറൻ ഉൾപ്പെടെ പങ്കെടുത്ത റാലിയിൽ "ഝാർഖണ്ഡ് കീഴടങ്ങില്ലെന്നും ജയിലുകൾ തകർത്ത് ഹേമന്ത് സോറൻ പുറത്തുവരുമെന്നും' ജെഎംഎം അണികൾ മുദ്രാവാക്യം മുഴക്കി. നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, ആർജെഡി നേതാവ് തേജസ്വി യാദവ്, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com