പാക് ഹൈക്കമ്മീഷന് മുൻപിലെ കയ്യേറ്റം നീക്കി; പാക്കിസ്ഥാന്‍റെ നടപടിക്ക് പിന്നാലെ ഇന്ത്യയുടെ തിരിച്ചടി

ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് സ്ഥാപിച്ചിരുന്ന സുരക്ഷാ ബാരിക്കേഡുകൾ പാക്കിസ്ഥാൻ അധികൃതർ നീക്കം ചെയ്ത് കൃത്യം മൂന്ന് ദിവസത്തിന് ശേഷമാണ് ഡൽഹിയിലെ നടപടി
Pakistan High Commission in Delhi (file photo)

ഡൽഹിയിലെ പാക് ഹൈക്കമ്മീഷൻ (ഫയൽ ചിത്രം)

Updated on

ന്യൂഡൽഹി: ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷന് പുറത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും മറ്റും പൊളിച്ചുനീക്കി ഇന്ത്യൻ അധികൃതർ. ജെസിബി ഉപയോഗിച്ചാണ് ഇവ നീക്കം ചെയ്തത്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് സ്ഥാപിച്ചിരുന്ന സുരക്ഷാ ബാരിക്കേഡുകൾ പാക്കിസ്ഥാൻ അധികൃതർ നീക്കം ചെയ്ത് കൃത്യം മൂന്ന് ദിവസത്തിന് ശേഷമാണ് ഡൽഹിയിലെ നടപടി. ഇതോടെ പാക്കിസ്ഥാന്‍റെ നടപടിക്ക് തിരിച്ചടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

പാക് ഹൈക്കമ്മീഷന്‍റെ വിസ വിഭാഗത്തിന് സമീപത്തെ ക്യൂ നിയന്ത്രണ സംവിധാനങ്ങളും റോഡരികിലെ ബാരിക്കേഡുകളും ട്രാഫിക് സൂചനബോർഡുകളും നീക്കം ചെയ്തു. ഹൈക്കമ്മീഷന് ചുറ്റുമുണ്ടായിരുന്ന സുരക്ഷാ വളയവും അധികൃതർ അഴിച്ചുമാറ്റി. ഇരുമ്പ് റെയിലിങ്ങുകൾ, ഗേറ്റുകൾ, ലോഹ ഫ്രെയിമുകൾ, കോൺക്രീറ്റ് കഷണങ്ങൾ എന്നിവ സ്ഥലത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. പുറംഭാഗത്തെ ചില മേൽക്കൂരകളും വെള്ള മെറ്റൽ വേലികളും പൂർണമായും നീക്കം ചെയ്തു. പൊതുസ്ഥലം കയ്യേറി സ്ഥാപിച്ചവയാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

അതേസമയം, കശ്മീർ വിഷയത്തിൽ ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ നടത്തിയ പരാമർശങ്ങളെച്ചൊല്ലി പാക്കിസ്ഥാൻ യുഎസിനോട് പ്രതിഷേധിച്ചിരുന്നു. ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്ന് ഗോർ പറഞ്ഞതും താഴ്‌വരയിലെ സുരക്ഷാ സാഹചര്യത്തെ പ്രശംസിച്ചതുമാണ് പാക്കിസ്ഥാനെ പ്രകോപിപ്പിച്ചത്. എന്നാൽ പാകിസ്ഥാന്‍റെ ഈ പ്രതികരണവുമായി ഡൽഹിയിലെ നടപടിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല.

logo
Metro Vaartha
www.metrovaartha.com