

മാട്രിമോണിയൽ തട്ടിപ്പ് ഒന്നര കോടി തട്ടിയ എഞ്ചിനിയർ അറസ്റ്റിൽ
ബംഗലുരൂ: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പറ്റിച്ച് ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത എഞ്ചിനിയർ പിടിയിൽ. ബംഗലുരൂവിലെ കെംഗേരി പൊലീസാണ് പ്രതിയായ വിജേഷിനെ പിടികൂടിയത്. വൻ ബിസിനസുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ യുവതിയെ പറ്റിച്ച് പണം തട്ടിയത്. 2024ലാണ് പരാതിക്കാരിയായ സോഫ്റ്റ്വെയർ എഞ്ചിനിയർ മാട്രിമോണിയൽ സൈറ്റിലൂടെ വിജേഷിനെ പരിചയപ്പെടുന്നത്.
തനിക്ക് ബംഗുലുരൂവിൽ 715 കോടിയുടെ ആസ്തിയുണ്ടെന്നും നിരവധി ബിസിനസ് നടത്തുന്നുണ്ടെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു. തുടർന്ന് ഒരു സംയുക്ത ബിസിനസ് സംരംഭം തുടങ്ങാമെന്ന് പറഞ്ഞ് വിവിധ ഘട്ടങ്ങളിലായി 1.75 കോടി രൂപ ഇയാൾ യുവതിയിൽ നിന്ന് കൈക്കലാക്കി.
ഇതിനിടെ യുവതിയെ വിവാഹം കഴിക്കുമെന്നും ഉറപ്പ് നൽകി. ഇഡി റെയ്ഡിനെ തുടർന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നും കേസുകൾ നിലവിലുണ്ടെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിച്ച് വീണ്ടും പണം ആവശ്യപ്പെട്ടു. തന്‍റെ വാദങ്ങൾ സത്യമാണെന്ന് തോന്നിപ്പിക്കാൻ വ്യാജ കോടതി രേഖകളും യുവതിയെ കാണിച്ചു. ഇതിനിടെ വീട്ടിലെത്തിയ യുവതിയെ സ്വന്തം ഭാര്യയെ സഹോദരിയാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിക്കൊടുത്തു. എന്നാൽ യുവതി നടത്തിയ അന്വേഷണത്തിൽ ഇയാൾ വിവാഹിതനാണെന്നും ഒരു കുട്ടിയുണ്ടെന്നും യുവതി തിരിച്ചറിഞ്ഞു. തിരികെ പണം ആവശ്യപ്പെട്ടപ്പോൾ 22 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയത്. ഇനി പണം ആവശ്യപ്പെട്ടാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതേതുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്.