
ആദിവാസി സ്ത്രീകൾക്കും പാരമ്പര്യസ്വത്തിൽ തുല്യാവകാശം
ന്യൂഡൽഹി: ഗോത്ര വിഭാഗങ്ങളിലെ സ്ത്രീകൾക്കും പാരമ്പര്യസ്വത്തിൽ തുല്യാവകാശമുണ്ടെന്നു സുപ്രീം കോടതി. ഹിന്ദു പിന്തുടർച്ചാ നിയമങ്ങൾ പട്ടിക വർഗത്തിനു ബാധകമല്ലെങ്കിലും പിന്തുടർച്ചാവകാശത്തിൽ നിന്ന് അത് ആദിവാസി സ്ത്രീകളെ ഒഴിവാക്കുന്നില്ലെന്നു പരമോന്നത കോടതി വ്യക്തമാക്കി. അമ്മയുടെ കുടുംബസ്വത്തിൽ അവകാശം തേടി ധയ്യ എന്ന ആദിവാസി സ്ത്രീയുടെ മക്കൾ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസുമാരായ സഞ്ജയ് കരോളും ജോയ്മാല ബഗ്ചിയും ഉൾപ്പെട്ട ബെഞ്ചിന്‍റെ സുപ്രധാന വിധി.
ഗോത്ര വിഭാഗങ്ങളിൽ ഇത്തരമൊരു സമ്പ്രദായമില്ലെന്നു കാട്ടി പ്രാദേശിക കോടതിയും ഹൈക്കോടതിയും ധയ്യയുടെ മക്കളുടെ ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. സ്ത്രീകൾക്ക് പിന്തുടർച്ചാവകാശമില്ലെന്നു സ്ഥാപിക്കാൻ ഒരു വ്യവസ്ഥയും എതിർകക്ഷിക്ക് മുന്നോട്ടുവയ്ക്കാനായില്ലെന്നു സുപ്രീം കോടതി പറഞ്ഞു. അഥവാ അങ്ങനെയൊരു സമ്പ്രദായമുണ്ടെങ്കിലും അതു ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കും ലിംഗസമത്വത്തിനും എതിരാണത്.
മതം, വർഗം, ജാതി, ലിംഗം, നാട് തുടങ്ങിയവയുടെ പേരിൽ ഒരു വിവേചനവും പാടില്ലെന്നു ഭരണഘടനയുടെ 15ാം അനുച്ഛേദം വ്യക്തമാക്കുന്നുണ്ട്. സ്ത്രീകൾക്കു തുല്യാവകാശം നൽകുന്ന വ്യവസ്ഥയ്ക്ക് അടിസ്ഥാന രേഖകൾ ഹാജരാക്കാത്തതിനാലാണ് കീഴ്ക്കോടതികൾ ധയ്യയ്ക്ക് അവകാശം നിഷേധിച്ചത്. അത്തരമൊരു തെളിവു നൽകാനായില്ലെന്നതു പരിഗണിക്കുമ്പോൾ മറിച്ചുള്ള വ്യവസ്ഥയ്ക്കും തെളിവില്ലെന്നതു കണക്കിലെടുക്കണമെന്നും കോടതി ഓർമിപ്പിച്ചു.