ചാരവൃത്തി: മുംബൈയിൽ ജൂനിയർ എൻജിനീയർ അറസ്റ്റിൽ

അന്തർവാഹിനികളുടെയും യുദ്ധക്കപ്പലുകളുടെയും നിർണായക സാങ്കേതിക ഡ്രോയിങ്ങുകൾ, പ്രവർത്തന വിശദാംശങ്ങൾ ഇയാൾ കൈമാറി
Espionage: Junior engineer arrested in Mumbai

രവീന്ദ്ര മുരളീധർ വർമ (27)

Updated on

മുംബൈ: പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിന് താനെയിൽ ഒരാൾ അറസ്റ്റിൽ. ജൂനിയർ എൻജിനീയർ രവീന്ദ്ര മുരളീധർ വർമയാണ് (27) പിടിയിലായത്. സുരക്ഷാ ഏജൻസികൾക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മഹാരാഷ്ട്ര പൊലീസിന്‍റെ ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഹണി ട്രാപ്പിൽ കുടുക്കിയായിരുന്നു പാക്കിസ്താൻ ഏജൻസികൾ ഇയാളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നതെന്ന് എടിഎസ് പറയുന്നു. ഫെയ്സ്ബുക്കിൽ സ്ത്രീയായി നടിച്ച ഒരു പാക് ഏജന്‍റ് വർമയെ ഹണിട്രാപ്പിൽ കുടുക്കി രഹസ്യവിവരങ്ങൾ കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു.

ഒരു പ്രതിരോധ സാങ്കേതിക സ്ഥാപനത്തിൽ ജൂനിയർ എൻജിനീയറായിരുന്നു രവീന്ദ്ര മുരളീധർ വർമ. നേവൽ ഡോക്ക്‌യാർഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇയാൾക്ക് പ്രവേശനമുണ്ടായിരുന്നു. 14 യുദ്ധക്കപ്പലുകളെയും അന്തർവാഹിനികളെയും കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ, സ്കെച്ചുകൾ, ഡയഗ്രമുകൾ, ഓഡിയോ നോട്ടുകൾ തുടങ്ങിയവ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഇയാൾ നൽകി. ഇത്തരത്തിൽ ഇയാൾ 2024 നവംബർ മുതൽ 2025 മാർച്ചുവരെ വാട്സാപ്പ് വഴി ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയെന്നാണ് എടിഎസ് വ്യക്തമാക്കിയത്.

രവീന്ദ്ര വർമയുമായി ബന്ധം പുലർത്തിയിരുന്ന മറ്റു രണ്ടു വ്യക്തികളുടെയും പേരിൽ ഔദ്യോഗിക രഹസ്യനിയമത്തിലെ സെക്‌ഷൻ മൂന്ന്‌ പ്രകാരം ചാരവൃത്തിക്ക് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ രവീന്ദ്രവർമ്മയെ തിങ്കളാഴ്ച വരെ എടിഎസ് കസ്റ്റഡിയിൽ വിട്ടതായും അധികൃതർ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com