
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ പാർലമെന്‍റ് അംഗത്വം റദ്ദാക്കാൻ എത്തിക്സ് കമ്മിറ്റി ശുപാർശ ചെയ്തു. ബിജെപി എംപി വിനോദ് സോൻകറുടെ അധ്യക്ഷതയിലുള്ള സമിതിയിലെ ആറ് അംഗങ്ങളാണ് മഹുവയ്ക്കെതിരേ വോട്ട് ചെയ്തത്. നാല് അംഗങ്ങൾ എതിർത്തു.
അദാനി ഗ്രൂപ്പിനെതിരേ പാർലമെന്‍റിൽ ചോദ്യം ചോദിക്കുന്നതിന് ദർശൻ ഹിരാനന്ദാനി എന്ന വ്യവസായിയിൽനിന്നു പണം വാങ്ങിയെന്നാണ് മഹുവയ്ക്കെതിരായ ആരോപണം. ഈ വിഷയത്തിൽ സിബിഐ അന്വേഷണം നടത്താൻ ലോക്‌പാൽ ഉത്തരവിട്ടതായി പരാതി നൽകിയ ബിജെപി എംപി നിഷികാന്ത് ദുബെ അവകാശപ്പെട്ടിരുന്നു.
പാർലമെന്‍റിൽ ബിജെപി സർക്കാരിനും അദാനി ഗ്രൂപ്പിനുമെതിരേ ഏറ്റവും ശ്രദ്ധേയമായി ഉയർന്ന ശബ്ദങ്ങളിലൊന്നായിരുന്നു മഹുവ മൊയ്ത്രയുടേത്. ഇതാണ് അവരെ പരാതിയിൽ കുടുക്കാൻ കാരണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.