
ന്യൂഡൽഹി: പാർലമെന്‍റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ എംപി മഹുവ മൊയ്ത്രക്കെതിരേ കർശന നടപടിക്ക് സാധ്യത. മഹുവയ്ക്കെതിരേയുള്ള നടപടിയുടെ കരട് രൂപം തയാറാക്കുന്നതിനായി ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ നിർണായക യോഗം ചൊവ്വാഴ്ച ചേരും. ബിജെപി എംപി വിനോദ് കുമാർ സോങ്കാറിന്‍റെ നേതൃത്വത്തിലാണ് കമ്മിറ്റി മഹുവയ്ക്കെതിരേയുള്ള ആരോപണത്തിൽ അന്വേഷണം നടത്തിയത്. ലോക്സഭയുടെ വരുന്ന സെഷനുകളിൽ നിന്നെല്ലാം മഹുവയെ സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകളുണ്ട്.
2005ൽ ഇത്തരത്തിൽ പാർലമെന്‍റിൽ ചോദ്യം ഉന്നയിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് 11 എംപിമാരെ അയോഗ്യരാക്കിയിരുന്നു. ഇതേ മാനദണ്ഡം തന്നെയായിരിക്കും മഹുവയുടെ കേസിലും പിന്തുടരുക. 15 അംഗ എത്തിക്സ് കമ്മിറ്റിയിൽ ഭൂരിപക്ഷവും ബിജെപി എംപിമാരാണ്. പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള എംപിമാരുടെ എതിർപ്പു കൂടി രേഖപ്പെടുത്തി മഹുവയ്ക്കെതിരേ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ചുള്ള ശുപാർശ എത്തിക്സ് കമ്മിറ്റി സ്പീക്കർക്ക് കൈമാറിയേക്കും.
കമ്മിറ്റിക്കു മുൻപിൽ ഹാജരായ മഹുവയോട് കമ്മിറ്റി ചെയർമാൻ സോങ്കാർ വ്യക്തിപരമായ ചോദ്യങ്ങൾ ഉന്നയിച്ചതിനെതിരേ കമ്മിറ്റിയെ പ്രതിപക്ഷ അംഗങ്ങൾ ശബ്ദമുയർത്തിയിരുന്നു.
ബിജെപി എംപി നിഷികാന്ത് ദുബേയാണ് മഹുവയ്ക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ദർശൻ ഹിരാനന്ദാനി എന്ന വ്യാപാരിയിൽ നിന്ന് പണവും മറ്റു ഉപഹാരങ്ങളും കൈപ്പറ്റിയാണ് മഹുവ പാർലമെന്‍റിൽ മോദിക്കെതിരേ ചോദ്യം ഉന്നയിച്ചിരുന്നതെന്നാണ് ദുബേയുടെ ആരോപണം.
ചോദ്യങ്ങൾ തയാറാക്കുന്നതിനായി ഹിരാനന്ദാനിക്ക് തന്‍റെ ലോക്സഭാ ഐഡി പാസ് വേഡ് കൈമാറിയിരുന്നതായി മഹുവ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇതിനു വേണ്ടി പണം കൈപ്പറ്റിയിട്ടില്ലെന്നും മഹുവ പറയുന്നു. മഹുവ ഇന്ത്യയിലായിരുന്ന സമയത്ത് ദുബായിൽ നിന്ന് 47 തവണ മഹുവയുടെ ലോക് സഭാ ഐഡിയിൽ ലോഗിൻ ചെയ്തിട്ടുണ്ടെന്നാണ് പുതിയ ആരോപണം.