
ഡൽഹിയിൽ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരാധിക്കും
ന്യൂഡല്‍ഹി: 2026 ഓഗസ്റ്റ് 15 മുതല്‍ ന്യൂഡൽഹിയിൽ പെട്രോള്‍, ഡീസല്‍, സിഎന്‍ജി (കംപ്രസഡ് നാച്വറല്‍ ഗ്യാസ്) ഇരുചക്ര വാഹനങ്ങള്‍ നിരാധിച്ചേക്കുമെന്നു സൂചന. ന്യൂഡല്‍ഹിയുടെ ഇലക്ട്രിക് വെഹിക്കിള്‍ പോളിസി 2.0 കരട് റിപ്പോര്‍ട്ടിന് പച്ചക്കൊടി ലഭിച്ചാല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2027 ആകുമ്പോഴേക്കും ന്യൂഡല്‍ഹിയിലെ 95% വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ, ബജാജ് തുടങ്ങിയ കമ്പനികള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാണ്. ന്യൂഡല്‍ഹിയില്‍ ഹീറോ സ്പ്ലെന്‍ഡര്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ടുവീലറുകളില്‍ ഒന്നാണ്. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ബജാജ് ഫ്രീഡം എന്ന ബ്രാന്‍ഡില്‍ സിഎന്‍ജി ടുവീലര്‍ വിപണിയിലിറക്കിയത്. ന്യൂഡല്‍ഹിയില്‍ ഇതിന്റെ വില്‍പ്പന നല്ല രീതിയില്‍ മുന്നേറുന്നുമുണ്ട്.
കരട് ഇലക്ട്രിക് വെഹിക്കിള്‍ നയം 2.0 പ്രകാരം ഈ വര്‍ഷം ഓഗസ്റ്റ് 15 മുതല്‍ സിഎന്‍ജി ഓട്ടൊറിക്ഷ രജിസ്ട്രേഷന് അനുവദിക്കില്ല. ഈ വര്‍ഷം ഓഗസ്റ്റ് 15 മുതല്‍ സിഎന്‍ജി ഓട്ടൊ പെര്‍മിറ്റുകള്‍ പുതുക്കില്ല. അത്തരം എല്ലാ പെര്‍മിറ്റുകളും ഇ-ഓട്ടൊ പെര്‍മിറ്റുകളാക്കി മാറ്റണം. ന്യൂഡല്‍ഹിയിലെ റോഡുകളില്‍ നിന്ന് സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടൊറിക്ഷകള്‍ ഘട്ടംഘട്ടമായി നീക്കം ചെയ്യുക എന്നതാണ് കരട് നയത്തിലെ പ്രധാന ശുപാര്‍ശകളിലൊന്ന്. അതേസമയം, മന്ത്രിസഭ അംഗീകാരം നല്കുന്ന വേളയില്‍ കരട് നയത്തിന് മാറ്റങ്ങള്‍ വന്നേക്കാം. പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ട കാര്യത്തില്ലെന്നും റിപ്പോർട്ടുണ്ട്.