
ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കും; നീക്കങ്ങൾ തുടങ്ങി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ഇറാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷൻ സിന്ധു ഇസ്രയേലിലേക്കും വ്യാപിപ്പിക്കാൻ തീരുമാനം. ഇസ്രയേൽ വിടാൻ താത്പര്യമുള്ള ഇന്ത്യക്കാരെ അതിർത്തി രാജ്യങ്ങളിലെത്തിച്ച് വ്യോമ-കരമാർഗം ഒഴിപ്പിക്കാനാണ് വിദേശ മന്ത്രാലയം ശ്രമിക്കുന്നത്. ഇതിന്‍റെ ആദ്യപടിയായി ഇസ്രയേൽ വിടാൻ താത്പര്യമുള്ള ഇന്ത്യക്കാർ ടെൽ അവീവിലെ ഇന്ത്യൻ എംബസി നൽകുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. തുടർന്ന് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലായിരിക്കും ഒഴിപ്പിക്കൽ.
ജോർദാൻ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിലെത്തിച്ച ശേഷമാവും മടക്കിക്കൊണ്ടുവരിക. മാത്രമല്ല, ടെഹ്റാനിൽ നിന്നും ക്വോമ നഗരത്തിലേക്ക് മാറ്റിയ അറുനൂറോളം ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. ഇവരെ തുർക്ക്മെനിസ്ഥാൻ വഴി ഇന്ത്യയിലെത്തിക്കാനാണ് ശ്രമം.
അതിനിടെ ഇറാനിൽ നിന്നും ഒഴിപ്പിച്ച ആദ്യ ഇന്ത്യൻ സംഘം രാജ്യത്തെത്തി. അർമേനിയയുടെ തലസ്ഥാനമായ യെരോവാനിൽ നിന്നാണ് 110 ഇന്ത്യൻ വിദ്യാർഥികളെ ഇൻഡിഗോ വിമാനത്തിൽ രാജ്യത്തെത്തിച്ചത്. ഇവരിൽ 90 പേരും കശ്മീർ സ്വദേശികളാണ്. 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ മലയാളികളും ഉൾപ്പെടുന്നതായാണ് വിവരം.