

വികാസ് രഞ്ജൻ ഭട്ടാചാര‍്യ
കോൽക്കത്ത: സിപിഎം നേതാവും മുൻ രാജ‍്യസഭാ അംഗവുമായ വികാസ് രഞ്ജൻ ഭട്ടാചാര്യയുടെ വീടിനു നേരെ ആക്രമണം. കോൽക്കത്തയിലെ ഈസ്റ്റ് ജാദവ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പൂർബാലോകിലെ വീടിനു നേരെ പുലർച്ചെ അഞ്ചുമണിയോടെയാണ് ആക്രമണമുണ്ടായത്.
അക്രമികൾ സിസിടിവി ക‍്യാമറയും ജനൽ ചില്ലുകളും അടിച്ചു തകർത്തെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദുത്വവാദികളാണ് ആക്രമണത്തിനു പിന്നിലെന്നാണ് വികാസ് രഞ്ജൻ ഭട്ടാചാര‍്യ പറയുന്നത്.
ആക്രമണം നടന്ന വികാസ് രഞ്ജൻ ഭട്ടാചാര‍്യയുടെ കോൽക്കത്തയിലെ വീട്
സംഭവത്തിൽ പരാതി ലഭിച്ചതായും പ്രതിയെ തിരിച്ചറിയാനുള്ള അന്വേഷണം നടന്നുവരുകയാണെന്നും മുതിർന്ന ഉദ‍്യോഗസ്ഥൻ പറഞ്ഞു. മുഖം മറച്ച് ബൈക്കിൽ വന്നിറങ്ങി ഭട്ടാചാര‍്യയെ അസഭ‍്യം പറഞ്ഞ ശേഷം കൈയിൽ കരുതിയിരുന്ന മദ‍്യക്കുപ്പികൾ വലിച്ചെറിയുന്നത് സിസിടിവി ദൃശ‍്യങ്ങളിലുണ്ട്.
തങ്ങൾക്ക് പിന്നാലെ വരരുതെന്നും തങ്ങൾ ദേശസ്നേഹികളാണെന്നും അക്രമികൾ പറയുന്നതായി ദൃശ‍്യങ്ങളുണ്ട്. എന്നാൽ ഈ ദൃശ‍്യങ്ങളുടെ ആധികാരികത വാർത്താ ഏജൻസിയായ പിടിഐയ്ക്ക് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
ഈസ്റ്റ് ജാദവ്പുർ പൊലീസ് സ്റ്റേഷനിലാണ് വികാസ് രഞ്ജൻ ഭട്ടാചാര‍്യ പരാതി നൽകിയത്. ആക്രമണത്തിനു പിന്നിലെ കാരണം സംബന്ധിച്ച് വ‍്യക്തതയില്ല. സുരക്ഷ കണക്കിലെടുത്ത് താൻ തോക്ക് ലൈസൻസ് എടുക്കുമെന്ന് അദ്ദേഹം വ‍്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ മുൻ പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രി മമതാ ബാനർജി അടക്കമുള്ള നേതാക്കൾ അപലപിച്ചു.