ദളിതർക്ക് ജഡ്ജിയാകാനുള്ള വഴി അടയ്ക്കുന്നത് കൊളീജിയം: മുൻ കേന്ദ്രമന്ത്രി

എൻഡിഎ സർക്കാരിനു മൂന്നാമൂഴം ലഭിച്ചാൽ സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ജഡ്ജി നിയമനത്തിനുള്ള കൊളീജിയം സംവിധാനം റദ്ദാക്കിയേക്കുമെന്ന സൂചന നൽകി ഉപേന്ദ്ര കുശ്‌വാഹ
ദളിതർക്ക് ജഡ്ജിയാകാനുള്ള വഴി അടയ്ക്കുന്നത് കൊളീജിയം: മുൻ കേന്ദ്രമന്ത്രി
ഉപേന്ദ്ര കുശ്‌വാഹFile

കരകട്ട്: എൻഡിഎ സർക്കാരിനു മൂന്നാമൂഴം ലഭിച്ചാൽ സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ജഡ്ജി നിയമനത്തിനുള്ള കൊളീജിയം സംവിധാനം റദ്ദാക്കിയേക്കുമെന്ന സൂചന നൽകി മുൻ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്‌വാഹ. നിലവിലുള്ള സംവിധാനം പൂർണമായും ജനാധിപത്യ വിരുദ്ധമെന്നു രാഷ്‌ട്രീയ ലോക് മോർച്ച നേതാവു കൂടിയായ കുശ്‌വാഹ പറഞ്ഞു. ബിഹാറിലെ കരകട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത എൻഡിഎ തെരഞ്ഞെടുപ്പു റാലിയിലാണ് കുശ്‌വാഹയുടെ വിമർശനം. കരകട്ടിലെ എൻഡിഎ സ്ഥാനാർഥികൂടിയാണു കുശ്‌വാഹ.

""കൊളീജിയം സംവിധാനത്തിനു നിരവധി കുറവുകളുണ്ട്. അതു ജനാധിപത്യ വിരുദ്ധമാണ്. ദളിതർക്കും ഒബിസി വിഭാഗത്തിനും മാത്രമല്ല, സവർണ വിഭാഗത്തിലെ പാവപ്പെട്ടവർക്കും ജഡ്ജി പദവിയിലേക്കുള്ള വഴിയടയ്ക്കുകയാണു കൊളീജിയം. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ബെഞ്ചുകളുടെ ഘടന നോക്കിയാൽ ഏതാനും കുടുംബങ്ങളിലെ അംഗങ്ങൾക്കാണു മേധാവിത്വമെന്നു വ്യക്തം. അതുകൊണ്ടാണ് ഈ സംവിധാനം വിമർശിക്കപ്പെടുന്നത്''- കുശ്‌വാഹ പറഞ്ഞു.

ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ മാനവ വിഭവശേഷി വികസന സഹമന്ത്രിയായിരുന്ന കുശ്‌വാഹ 2014ൽ കൊണ്ടുവന്ന ദേശീയ ജുഡീഷ്യൽ നിയമന (എൻജെഎസി) ബില്ലിനെക്കുറിച്ചും പരാമർശിച്ചു. ചില കാരണങ്ങളാൽ ആ നിയമം സുപ്രീം കോടതി റദ്ദാക്കി. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെപ്പോലുള്ളവരിൽ നിന്ന് ഒരിക്കലും സാമൂഹിക നീതി പ്രതീക്ഷിച്ചുകൂടാ. യുപിഎ ഭരണത്തിലുള്ളപ്പോൾ പ്രധാനപ്പെട്ട സഖ്യകക്ഷിയായിരുന്നു ആർജെഡി. ലാലു സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. എന്നാൽ, കൊളീജിയത്തിനെതിരേ ഒരുവാക്കു പോലും മിണ്ടാൻ അദ്ദേഹം തയാറായില്ല. ജയിലിനും ജാമ്യത്തിനുമിടയിൽ കഴിയുന്ന ലാലുവിനെപ്പോലുള്ളവരിൽ നിന്ന് ഇത്തരം കാര്യങ്ങളിൽ മൂല്യാധിഷ്ഠിത സമീപനം പ്രതീക്ഷിക്കാനാവില്ല.

കൊളീജിയം എന്ന മുള്ളിൽ കടിക്കാൻ ആദ്യമായി തയാറായത് എൻഡിഎയാണ്. എൻഡിഎ ഇക്കാര്യത്തിൽ എല്ലാ ശ്രമങ്ങളും തുടരുമെന്നും അദ്ദേഹം. നിലവിൽ മുതിർന്ന ജഡ്ജിമാർ മാത്രമുള്ള കൊളീജിയമാണു സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനവും സ്ഥാനക്കയറ്റവുമുൾപ്പെടെ നിശ്ചയിക്കുന്നത്. 2014ൽ മോദി അധികാരത്തിലെത്തിയ ഉടൻ പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും മുതിർന്ന ജഡ്ജിമാരും നിയമജ്ഞരുമടങ്ങുന്ന സംവിധാനം യാഥാർഥ്യമാക്കാൻ ബിൽ (എൻജെഎസി) പാസാക്കിയെങ്കിലും സുപ്രീം കോടതി ഇത് അസാധുവാക്കി. നിയമത്തിൽ ചില കുറവുകളുണ്ടെന്നും ഇതിൽ തിരുത്തലുകൾ നിർദേശിക്കാനും അന്നു കോടതി നിർദേശിച്ചിരുന്നു.

ബിജെപിക്കും കോൺഗ്രസിനുമൊപ്പം സഖ്യം രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമല്ല കുശ്‌വാഹ ജഡ്ജി നിയമന സംവിധാനത്തെ വിമർശിക്കുന്നത്. എക്കാലവും ഒരേ നിലപാടാണ് കുശ്‌വാഹ തുടരുന്നതും. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കമുള്ളവർക്കു പത്തു ശതമാനം സ‌ംവരണം ഏർപ്പെടുത്താനുള്ള മോദി സർക്കാരിന്‍റെ തീരുമാനത്തെ താൻ എതിർത്തിരുന്നുവെന്ന ആരോപണവും അദ്ദേഹം തള്ളി. ആ ബില്ലിനെ ഞാൻ പിന്തുണച്ചിരുന്നു. അല്ലെന്നു രേഖാമൂലം തെളിയിച്ചാൽ താൻ രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും കുശ്‌വാഹ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com