

ഇന്ത്യൻ പാർലമെന്‍റ്, ലോക്സഭ.
File
ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിയോടെ ജന്തർമന്തറിലെ സമരത്തിനു പരിഹാരമായെങ്കിലും സഭയിൽ സർക്കാരിന് തലവേദന ഒഴിയില്ല. പാർലമെന്‍റിന്‍റെ ഇരുസഭകളും തിങ്കളാഴ്ച വീണ്ടും ചേരുമ്പോൾ വിദ്യാർഥി പ്രക്ഷോഭകർക്കെതിരേയുണ്ടായ പൊലീസ് നടപടിയുടെ പേരിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാനാണു പ്രതിപക്ഷ തീരുമാനം.
ചോദ്യച്ചോർച്ച തടയാനുള്ള നിയമഭേദഗതിക്ക് ബിൽ അവതരിപ്പിക്കാൻ സർക്കാർ തയാറെടുക്കുമ്പോഴാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 'ഇന്ത്യ' മുന്നണി പുതിയ ആയുധമെടുക്കുന്നത്. ഇതോടെ, സഭയുടെ സുഗമമായ പ്രവർത്തനത്തിന് ഈയാഴ്ചയും വെല്ലുവിളി ഉറപ്പായി. മണ്ഡലപുനർനിർണയം, വനിതാ സംവരണം, വിദേശ സംഭാവനാ നിയന്ത്രണ നിയമ ഭേദഗതി തുടങ്ങി വർഷകാല സമ്മേളനത്തിലെ സർക്കാർ അജൻഡകൾക്കും ഇതു പുതിയ കടമ്പകൾ സൃഷ്ടിക്കും.
ചോദ്യം ചോർത്തുന്നതടക്കം പരീക്ഷാ ക്രമക്കേടുകളിൽ 10 വർഷം തടവും 10 കോടി രൂപ വരെ പിഴയും ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ബിൽ തിങ്കളാഴ്ച തന്നെ സഭയിൽ അവതരിപ്പിക്കാനാണു സർക്കാർ നീക്കം. ബില്ലിനോടുള്ള സമീപനം തീരുമാനിക്കാൻ ഇന്നു രാവിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷം യോഗം ചേരുന്നുണ്ട്.
വർഷകാല സമ്മേളനത്തിന്‍റെ ആദ്യ ആഴ്ച പൂർണമായും കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രക്ഷോഭത്തെയും നീറ്റ് ചോദ്യപേപ്പർ ചോർച്ചയെയും ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തിൽ മുങ്ങിയിരുന്നു. ശനിയാഴ്ച സിജെപി പ്രക്ഷോഭം അവസാനിച്ചതോടെ ബില്ലവതരണങ്ങളിലേക്കു കടക്കാനുള്ള തയാറെടുപ്പിലാണു സർക്കാർ.
ഇതിനിടെയാണ് വിദ്യാർഥികളുടെ സമാധാനപരമായ സമരത്തിനു നേരേ കിരാതമായ ആക്രമണം നടത്തിയത് ആരുടെ നിർദേശ പ്രകാരമാണെന്നു വ്യക്തമാക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചത്. പെല്ലെറ്റ് തോക്കുകളടക്കം ഉപയോഗിച്ചതിന് ആരാണ് അനുമതി കൊടുത്തതെന്നു വ്യക്തമാക്കണം. സമാധാനപരമായ പ്രക്ഷോഭം ജനാധിപത്യത്തിന്‍റെ ഭാഗമാണ്. അവിടെ പ്രക്ഷോഭകരുടെ സംരക്ഷണവും സർക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും രാഹുൽ കത്തിൽ പറയുന്നു.
പരുക്കേറ്റ പത്തൊമ്പതുകാരൻ സഹീൽ ലൊച്ചാബിനെ താൻ സന്ദർശിച്ചെന്നും ഈ വിദ്യാർഥിയുടെ കാഴ്ച നഷ്ടമായേക്കാമെന്നും കത്തിൽ പറയുന്നു. പൊലീസ് നടപടിയെക്കുറിച്ചു സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപി സാഗരികാ ഘോഷ് രാജ്യസഭാധ്യക്ഷന് നോട്ടീസ് നൽകിയിട്ടുണ്ട്. പെല്ലെറ്റ് തോക്ക് ഉപയോഗിച്ചിട്ടില്ലെന്നു ഡൽഹി പൊലീസ് നേരത്തേ പറഞ്ഞിരുന്നു.
അതേസമയം, പ്രതിപക്ഷത്തെ ഭിന്നതയിലാണു സർക്കാരിന്‍റെ ആശ്വാസം. സിജെപി പ്രക്ഷോഭത്തെ പിന്തുണച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലടക്കം കോൺഗ്രസ് നടത്തിയ സമരങ്ങളോട് മറ്റു പ്രതിപക്ഷ കക്ഷികൾ തണുത്ത സമീപനമാണു പുലർത്തിയത്. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുകയും ജന്തർമന്തറിലെ സമരം അവസാനിക്കുകയും ചെയ്ത സാഹചര്യത്തിൽ വീണ്ടും സഭ തടസപ്പെടുത്തുന്നതിനോട് എൻസിപി (എസ്പി) ഉൾപ്പെടെ പാർട്ടികൾക്ക് താത്പര്യമില്ല. കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന ഡിഎംകെയുൾപ്പെടെ കക്ഷികളും ഇതേ നിലപാടു സ്വീകരിച്ചാൽ സഭയിൽ സർക്കാരിന് കാര്യങ്ങൾ എളുപ്പമാകും.