

മഹക്ദീപ് കൗർ, ദവീന്ദർ സിങ്
ചണ്ഡീഗഢ്: രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ റെയ്ൽവേ ട്രാക്കിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. രാജസ്ഥാൻ ഭീകരവിരുദ്ധ സേനയും (എടിഎസ്), ശ്രീഗംഗാനഗർ പൊലീസും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
ദവീന്ദർ സിങ് (22), മഹക്ദീപ് കൗർ (21) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നിൽ പാക്കിസ്ഥാൻ ബന്ധമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. അറസ്റ്റിലായ യുവതി അയൽരാജ്യത്തുള്ള രണ്ട് ഹാൻഡ്ലർമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് അറിയിച്ചു. സ്ഫോടനം നടത്തുന്നതിനായി യുവതിക്ക് പണം നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രണയത്തിലൂടെയും പണം വാഗ്ദാനം ചെയ്തുമാണ് യുവതിയെ ഇവർ വലയിലാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ഇത്തരം രീതികൾ ഉപയോഗിച്ച് സ്ത്രീകളെ കെണിയിൽപ്പെടുത്തുന്നത് പതിവായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
സ്ഫോടനത്തിന് സഹായം നൽകിയെന്ന് സംശയിക്കുന്ന മൂന്ന് പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്ക് താമസസൗകര്യം ഒരുക്കുക, മോട്ടോർസൈക്കിൾ നൽകുക, സംഭവസ്ഥലത്തേക്ക് എത്തിക്കാൻ സഹായിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് നിലവിൽ ജയിലിലായതിനാൽ മഹക്ദീപ് കൗർ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. യുവതിയിൽ നിന്ന് രണ്ട് തോക്കുകളും 46 വെടിയുണ്ടകളും 30,000 രൂപയും പൊലീസ് കണ്ടെടുത്തു.
നവംബർ മൂന്നിന് രാത്രി 9.45ഓടെയാണ് ശ്രീഗംഗാനഗർ ജില്ലയിലെ രാംസിങ്പുരിന് സമീപത്തെ റെയ്ൽവേ ട്രാക്കിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ രണ്ട് റെയ്ൽവേ സ്ലീപ്പറുകൾ തകരുകയും ട്രാക്കിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. രണ്ടര അടി ആഴത്തിൽ കുഴിയും രൂപപ്പെട്ടു. അനൂപ്ഗഢ്-സൂറത്ത്ഗഢ് പാസഞ്ചർ ട്രെയ്ൻ കടന്നുപോയതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായത്.