പഞ്ചാബ് നാഷണൽ ബാങ്കിൽ 17.29 കോടിയുടെ കള്ളനോട്ട്; മാനേജറെ അറസ്റ്റ് ചെയ്ത് എൻഐഎ, നേപ്പാൾ ബന്ധവും പരിശോധിക്കുന്നു

സഹാരൻപൂരിലെ സോഫിയ മാർക്കറ്റ് മേഖലയിലുള്ള പിഎൻബി കറൻസി ചെസ്റ്റിലാണ് 17.29 കോടി രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തിയത്
NIA arrests manager over ₹17.29 crore in counterfeit notes at Punjab National Bank.

പഞ്ചാബ് നാഷണൽ ബാങ്കിൽ 17.29 കോടിയുടെ കള്ളനോട്ട്; മാനേജറെ അറസ്റ്റ് ചെയ്ത് എൻഐഎ

Updated on

ലഖ്‌നൗ: ഉത്തർപ്രദേശിൽ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ (പിഎൻബി) കറൻസി ചെസ്റ്റിൽ 17.29 കോടി രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ബാങ്കിന്‍റെ ജഗാധ്രി കറൻസി ചെസ്റ്റ് മാനേജർ അമിത് കുമാറിനെ എൻഐഎ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ബാങ്കിന്‍റെ കറൻസി ചെസ്റ്റിനുള്ളിൽ ഇത്രയും വലിയ തോതിൽ കള്ളനോട്ടുകൾ കണ്ടെത്തിയതിന് പിന്നിൽ വലിയ ശൃംഖല പ്രവർത്തിച്ചിരുന്നോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

സഹാരൻപൂരിലെ സോഫിയ മാർക്കറ്റ് മേഖലയിലുള്ള പിഎൻബി കറൻസി ചെസ്റ്റിലാണ് 17.29 കോടി രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തിയത്. കള്ളനോട്ടുകൾ ബാങ്കിങ് സംവിധാനത്തിലേക്ക് എങ്ങനെയാണ് എത്തിയതെന്നും പിന്നീട് അവ നിയമാനുസൃത ബാങ്കിങ് ചാനലുകളിലൂടെ പ്രചരിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ പരിധിയിൽ വന്ന മൂന്ന് പിഎൻബി ഉദ്യോഗസ്ഥരിൽ ഒരാളാണ് അമിത് കുമാർ. സീനിയർ ഡിവിഷനൽ മാനേജർ രവി കുമാർ കൻസെ, സോഫിയ മാർക്കറ്റ് കറൻസി ചെസ്റ്റ് മാനേജർ സുശീൽ കുമാർ എന്നിവരാണ് മറ്റു രണ്ട് പിഎൻബി ഉദ്യോഗസ്ഥർ. പ്രാഥമിക അന്വേഷണത്തിൽ ഇവരുടെ പങ്കാളിത്തം സംശയിക്കപ്പെട്ടതിനെ തുടർന്ന് ബാങ്ക് മൂന്ന് പേരെയും സസ്‌പെൻഡ് ചെയ്തിരുന്നു.

മൂന്ന് പേരും നേപ്പാളിലേക്ക് കടന്നുകളയാനുള്ള സാധ്യതയെ തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇവരുടെ വീടുകളിൽ എസ്ഐടിയും ക്രൈം ബ്രാഞ്ചും പരിശോധന നടത്തി. ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു. ഇവരുടെ ബന്ധങ്ങൾ, യാത്രകൾ, മറ്റ് വ്യക്തികളുമായുള്ള ഇടപെടലുകൾ എന്നിവയെ കുറിച്ചും അന്വേഷണം നടക്കുകയാണ്. സെപ്റ്റംബർ മൂന്നിനാണ് എൻഐഎ കേസ് ഏറ്റെടുത്തത്. ആഗസ്റ്റ് 29ന് സഹാരൻപൂരിലെ സദർ ബസാർ പൊലീസ് സ്റ്റേഷനിലാണ് ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ജൂലൈ ആറിന് സഹാരൻപൂരിൽനിന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജയ്പൂർ ഓഫീസിലേക്ക് 111 കോടി രൂപയുടെ കറൻസി അയച്ചിരുന്നു. 500 രൂപയുടെ 1,900 കെട്ടുകളും 200 രൂപയുടെ 800 കെട്ടുകളുമാണ് ഇതിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. നോട്ടുകൾ അയക്കുന്ന നടപടികൾക്കിടെ എങ്ങനെയാണ് കള്ളനോട്ടുകൾ കടന്നുകൂടിയതെന്നാണ് എൻഐഎ അന്വേഷിക്കുന്നത്. ക്രമക്കേട് കണ്ടെത്തുന്നതിന് മുൻപ് കള്ളനോട്ടുകൾ കറൻസി ചെസ്റ്റിൽനിന്ന് വിവിധ ബാങ്ക് ശാഖകളിലേക്കും എടിഎമ്മുകളിലേക്കും എത്തിയിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

നേപ്പാൾ ബന്ധവും പരിശോധിക്കുന്നു

കേസിന് രാജ്യാന്തര ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പ്രതികളായ മൂന്ന് ഉദ്യോഗസ്ഥരുടെ ഫോൺ ബന്ധങ്ങളും യാത്രകളും പരിശോധിച്ച് നേപ്പാൾ അതിർത്തിക്ക് സമീപമോ അതിർത്തിക്കപ്പുറമോ പ്രവർത്തിക്കുന്ന വ്യക്തികളുമായോ സംഘങ്ങളുമായോ ബന്ധമുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്. എന്നാൽ കേസിൽ നേപ്പാൾ ബന്ധം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com