

ധ്രുവ് റാഠി
നോയിഡ: യൂട്യൂബറും ആക്റ്റിവിസ്റ്റുമായ ധ്രുവ് റാഠിയെ അറസ്റ്റ് ചെയ്തതായി വ്യാജ പ്രചാരണങ്ങൾ നടത്തിയെന്ന് ആരോപിച്ച് രണ്ട് എക്സ് അക്കൗണ്ടുകൾക്കെതിരേയും തിരിച്ചറിയാത്ത മറ്റു ചില അക്കൗണ്ടുകൾക്കെതിരേയും കേസെടുത്തു.
ഉത്തർപ്രദേശിലെ നോയിഡ പൊലീസാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്റ്റിലെയും വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
രണ്ടു സോഷ്യൽ മീഡിയ പോസ്റ്റുകളെ പറ്റി എഫ്ഐആറിൽ പരാമർശമുണ്ട്. ധ്രുവ് റാഠിക്ക് ഇനി ദുരിത കാലമാണ് വരാനിരിക്കുന്നതെന്നും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ വിഡിയോ പങ്കുവച്ചതിനും സർക്കാരിനെതിരേ കലാപം നടത്താൻ സൈന്യത്തിനോടും പൊലീസിനോടും ആഹ്വാനം ചെയ്തതിന് ധ്രുവ് റാഠിയെ വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തെന്നും ഇതിനു പിന്നിലുള്ള രാഷ്ട്രീയ നേതാവ് വളരെ ശക്തനാണെന്നും അരവിന്ദ് കെജ്രിവാൾ വിചാരിച്ചാൽ പോലും അദ്ദേഹത്തെ രക്ഷിക്കാൻ സാധിക്കില്ലെന്നും ഇന്ത്യയിലേക്ക് വന്നതിൽ ധ്രുവ് ഖേദിക്കേണ്ടി വരുമെന്നുമാണ് ഒരു പോസ്റ്ററിലെ ഉള്ളടക്കം.
ധ്രുവ് റാഠിയെ അറസ്റ്റ് ചെയ്തു. ഇത്തവണ ഡൽഹി പൊലീസല്ല നോയിഡ പൊലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൽ നിന്നും ഒരു ദയയും പ്രതീക്ഷിക്കേണ്ടതില്ല. എന്നിങ്ങനെയാണ് മറ്റൊരു പോസ്റ്റ്. എന്നാൽ ധ്രുവ് റാഠിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രചാരണം അടിസ്ഥാന രഹിതവും തെറ്റായ വിവരവുമാണെന്നും നോയിഡ പൊലീസ് വ്യക്തമാക്കി.