

നേഹാ സിങ് രാഥോർ
ന്യൂഡൽഹി: ഗായിക നേഹാ സിങ് രാഥോറിനെ അപകീർത്തിപ്പെടുത്തുന്ന വാർത്ത നൽകിയ ചാനലിനെതിരേ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ. എബിപി എന്ന ചാനലിനെതിരേയാണ് കേസ്. നേഹയ്ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന രീതിയിലുള്ള തെറ്റായ വാർത്തയാണ് ചാനൽ പുറത്തു വിട്ടത്. സർക്കാരിനെതിരേ സംസാരിച്ചതിനാൽ തനിക്കെതിരേ മോശം വാക്കുകൾ പ്രയോഗിച്ചുവെന്നും താൻ ലൈംഗിക തൊഴിലാളിയാണെന്ന് വരുത്തി തീർക്കാൻ ചാനൽ ശ്രമിച്ചുവെന്നും നേഹ ആരോപിക്കുന്നു. കനത്ത വിമർശനം ഉയർന്നതിനെ തുടർന്ന് തങ്ങളുടെ വാർത്തയിൽ തെറ്റു പറ്റിയെന്ന് അംഗീകരിച്ച് ചാനൽ മാപ്പ് പറഞ്ഞിരുന്നു.
പക്ഷേ താൻ മാപ്പ് സ്വീകരിക്കില്ലെന്ന് നേഹ വ്യക്തമാക്കിയിട്ടുണ്ട്. ചാനലിനെതിരേ നടപടി സ്വീകരിക്കണമെന്ന് ഇൻഫോർമേഷൻ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് മന്ത്രാലയം ഉൾപ്പെടെയുള്ളവരോട് ആവശ്യപ്പെട്ടതായും കമ്മിഷൻ ചെയർപേഴ്സൺ വിജയ രഹാത്കർ വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും വസ്തുതകളിൽ കൃത്യതയുണ്ടായിരിക്കണമെന്നും സ്ത്രീകളുടെ അന്തസിനെയും സ്വകാര്യതയെയും ഹനിക്കുന്നത് ആയിരിക്കരുതെന്നും ദേശീയ വനിതാ കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഭോജ്പുരി നാടൻപാട്ട് കലാകാരിയാണ് നേഹ സിങ്. സർക്കാരിനെതിരേ അവർ രൂക്ഷമായി ശബ്ദമുയർത്താറുണ്ട്. കാ ബാ എന്ന ഗാന പരമ്പരയിലൂടെ സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയയായിരുന്നു.