രാജസ്ഥാനിൽ മത്സരിക്കാൻ 29 കുടുംബ രാഷ്‌ട്രീയക്കാർ

ബിജെപി പട്ടികയിൽ 11 പേരാണു പ്രമുഖ നേതാക്കളുടെ കുടുംബാംഗങ്ങൾ, കോൺഗ്രസ് രാഷ്‌ട്രീയ കുടുംബങ്ങളിൽ നിന്നുള്ള 18 പേരും.
രാജസ്ഥാനിൽ മത്സരിക്കാൻ 29 കുടുംബ രാഷ്‌ട്രീയക്കാർ
Updated on

ജയ്പുർ: കുടുംബ രാഷ്‌ട്രീയമെന്ന ആരോപണം നേരിടുന്ന കോൺഗ്രസിന്‍റെയും അതിനെതിരേ നിരന്തരം വിമർശനമുയർത്തുന്ന ബിജെപിയുടെയും ബാനറിൽ രാജസ്ഥാനിൽ മത്സരിക്കുന്നത് രാഷ്‌ട്രീയ കുടുംബങ്ങളിൽ നിന്നുള്ള 29 പേർ. നവംബർ 25നാണു രാജസ്ഥാനിൽ വോട്ടെടുപ്പ്. 200 അംഗ നിയമസഭയിലേക്ക് ബിജെപി ഇതിനകം 124 സ്ഥാനാർഥികളെയും കോൺഗ്രസ് 95 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. ഇതിലാണ് 29 പേർ കുടുംബരാഷ്‌ട്രീയത്തിന്‍റെ പതാകയേന്തുന്നത്.

ബിജെപി പട്ടികയിൽ 11 പേരാണു പ്രമുഖ നേതാക്കളുടെ കുടുംബാംഗങ്ങൾ. കോൺഗ്രസ് രാഷ്‌ട്രീയ കുടുംബങ്ങളിൽ നിന്നുള്ള 18 പേരെ പരിഗണിച്ചു.

അന്തരിച്ച എംപി സൻവർലാൽ ജാട്ടിന്‍റെ മകൻ രാം സ്വരൂപ് ലംബ (നസീറാബാദ്), മുൻ മന്ത്രി അന്തരിച്ച ദിഗംബർ സിങ്ങിന്‍റെ മകൻ ശൈലേഷ് സിങ് (ദീഗ് കുംഭേർ) എന്നിവരാണു ബിജെപി പട്ടികയിൽ കുടുംബരാഷ്‌ട്രീയ പ്രമുഖർ.

ഗുർജർ നേതാവ് കിരോഡി സിങ് ബൈൻസലയുടെ മകൻ വിജയ്, മുൻ എംപിയും ജയ്പുർ രാജകുടുംബാംഗവുമായ ഗായത്രി ദേവിയുടെ പേരക്കുട്ടി ദിയ കുമാരി, മുൻ എംപി കർണി സിങ്ങിന്‍റെ പേരക്കുട്ടി സിദ്ധികുമാരി, മുൻ എംഎൽഎ ഹർലാൽ സിങ് ഖാരയുടെ മകൻ ഝബർ സിങ് ഖാര തുടങ്ങിയവരും ബിജെപി പട്ടികയിലുണ്ട്. വിമത കലാപം ഒഴിവാക്കാനാണ് രാഷ്‌ട്രീയ നേതാക്കലുടെ പിന്മുറക്കാരെയും പരിഗണിച്ചതെന്നു ബിജെപി നേതാക്കൾ പറയുന്നു. 2018ൽ കുടുംബരാഷ്‌ട്രീയത്തിനെതിരേ നിലപാടെടുത്തപ്പോൾ വിമതനീക്കം മൂലം 15 സീറ്റുകൾ പാർട്ടി പരാജയപ്പെട്ടു. ഇതോടെ, ബിജെപി 78 സീറ്റിലൊതുങ്ങി. 96 സീറ്റുകൾ ലഭിച്ച കോൺഗ്രസ് ചെറുകക്ഷികളെ ഒപ്പം നിർത്തി സർക്കാർ രൂപീകരിച്ചു. അന്നത് സംഭവിച്ചിലായിരുന്നെങ്കിൽ വസുന്ധര രാജെ സിന്ധ്യയുടെ സർക്കാരിനു തുടർഭരണം ലഭിക്കുമായിരുന്നെന്നും നേതാക്കൾ.

കോൺഗ്രസിന്‍റെ പട്ടികയിലുള്ള കുടുംബരാഷ്‌ട്രീയക്കാർ ഭൂരിപക്ഷവും 2018ൽ വിജയിച്ചവരാണ്. പ്രതിപക്ഷ നേതാവ് രാമേശ്വർ ദുദിയുടെ ഭാര്യ സുശീല ദുദി, മൻ എംഎൽഎ ഭൻവർ ലാൽ ശർമയുടെ മകൻ അനിൽ ശർമ, മുൻ കേന്ദ്ര മന്ത്രി ശീഷ് റാം ഓലയുടെ മകൻ ബ്രിജേന്ദ്ര ഓല, സിറ്റിങ് എംഎൽഎ സഫിയ ഖാന്‍റെ ഭർത്താവ് സുബേർ ഖാൻ, മുൻ മന്ത്രി ഭൻവർ ലാൽ മേഘ്‌വാളിന്‍റെ മകൻ മനോജ് മേഘ്‌വാൾ തുടങ്ങിയവരാണു കോൺഗ്രസ് പട്ടികയിലെ പ്രമുഖർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com