യുവ കർഷകൻ്റെ മരണം; ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടു ദിവസത്തേക്ക് നിര്‍ത്തിവച്ചു

സമരക്കാരിൽ രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. വടികളും കല്ലുംകൊണ്ട് സമരക്കാർ ആക്രമിച്ചെന്നും 12 സേനാംഗങ്ങൾക്ക് പരുക്കേറ്റെന്നും ഹരിയാന പൊലീസ് അറിയിച്ചു
യുവ കർഷകൻ്റെ മരണം; ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടു ദിവസത്തേക്ക് നിര്‍ത്തിവച്ചു

ചണ്ഡിഗഡ്: പഞ്ചാബ്- ഹരിയാന അതിർത്തിയിലെ ഖന്നൗരിയിൽ പൊലീസുമായുള്ള സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടതോടെ കർഷക സംഘടനകൾ ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടുദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് മാർച്ച് പുനരാരംഭിക്കുമെന്നു കർഷക നേതാവ് സർവൻ സിങ് പന്ധേർ. താങ്ങുവില സംബന്ധിച്ച കേന്ദ്ര നിർദേശം തള്ളിയ കർഷക സംഘടനകൾ മാർച്ച് പുനരാരംഭിച്ചപ്പോഴായിരുന്നു ഒരാളുടെ മരണത്തിനും 12 പൊലീസുകാർക്ക് പരുക്കേൽക്കാനും ഇടയാക്കിയ സംഘർഷം.

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച സമരക്കാരെ ഖന്നൗരി, ശംഭു അതിർത്തികളിൽ ഹരിയാന പൊലീസ് തടഞ്ഞതോടെയായിരുന്നു ഏറ്റുമുട്ടലിനു തുടക്കം. മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് തടസം നീക്കാനുള്ള ശ്രമം രക്ഷാ സേനാംഗങ്ങൾക്ക് അപകടമുണ്ടാക്കുമെന്ന പൊലീസിന്‍റെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് സമരക്കാർ അവഗണിച്ചു. ഇതോടെ, പൊലീസ് കണ്ണീർവാതകവും ലാത്തിയും പ്രയോഗിച്ചു. പഞ്ചാബിലെ ഭട്ടിൻഡയ്ക്കു സമീപം ബലോക് സ്വദേശി ശുഭ്കരൺ സിങ് (21) ആണ് മരിച്ചതെന്നു കർഷക നേതാവ് ബൽദേവ് സിങ് സിർസ പറഞ്ഞു. മരിച്ച യുവാവിന്‍റെ തലയിൽ മുറിവുണ്ടായിരുന്നെന്നും സിർസ. സമരക്കാരിൽ രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. വടികളും കല്ലുംകൊണ്ട് സമരക്കാർ ആക്രമിച്ചെന്നും 12 സേനാംഗങ്ങൾക്ക് പരുക്കേറ്റെന്നും ഹരിയാന പൊലീസ് അറിയിച്ചു.

ഇന്നലെ രാവിലെ കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ടയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിമാർ കർഷക നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. സംയമനം പാലിക്കണമെന്നും സമാധാനത്തിന് ഭംഗമുണ്ടാക്കരുതെന്നും മന്ത്രിമാർ അഭ്യർഥിച്ചു. കഴിഞ്ഞ 13നാണ് താങ്ങുവിലയ്ക്ക് നിയമമുണ്ടാക്കുക, വായ്പ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പഞ്ചാബിലെ കർഷക സംഘടനകൾ ഡൽഹിയിലേക്കു മാർച്ച് ആരംഭിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com