

ഫാറൂഖ് അബ്ദുള്ള
ശ്രീനഗർ: ജമ്മു കശ്മീരിലെ ജനങ്ങളെ സംരക്ഷിക്കുന്നത് പാക്കിസ്ഥാനികളാണെന്ന് മുൻ മുഖ‍്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ‍്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള.
''നമ്മുടെ അയൽരാജ‍്യമായ പാക്കിസ്ഥാൻ കശ്മീർ വിഷയം നിരന്തരം പിന്തുടരുന്നുണ്ട്. കശ്മീർ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്ന് പറഞ്ഞുകൊണ്ട് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എല്ലായിടത്തും പോകുന്നു. അദ്ദേഹം നമ്മളെ സംരക്ഷിക്കുകയാണ്. കശ്മീരിലെ ബാരമുള്ളയിൽ നടന്ന പാർട്ടി പ്രവർത്തക സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു പരാമർശം.
അവരുടെ ( കേന്ദ്രത്തിന്‍റെ) ഉദ്ദേശം അത്ര നല്ലതല്ല''. ഫാറൂഖ് അബ്ദുള്ള പറഞ്ഞു. കശ്മീരിലെ ജനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നും നീതി ലഭിക്കുമോയെന്നും അബ്ദുള്ള ചോദിച്ചു. തങ്ങളുടെ അവകാശങ്ങൾക്കും അസ്തിത്വത്തിനും വേണ്ടി നിലകൊള്ളണമെന്നാണ് ഫാറൂഖ് അബ്ദുള്ള ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇതിനു പിന്നാലെ ഫാറൂഖ് അബ്ദുള്ളയുടെ പരാമർശത്തിനെതിരേ ബിജെപി രംഗത്തെത്തി. പരാമർശം പിൻവലിച്ച് ഫാറൂഖ് അബ്ദുള്ള മാപ്പ് പറയണമെന്നും ഇത്തരം പ്രസ്താവനകൾ തുടരുകയാണെങ്കിൽ അദ്ദേഹം പാക്കിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലതെന്നും കശ്മീർ ബിജെപി അധ‍്യക്ഷൻ സത് ശർമ പറഞ്ഞു.
''ഈ രാജ‍്യത്ത് എന്തും പറയാനുള്ള സ്വാതന്ത്ര‍്യമുണ്ടെന്ന് ഫാറൂഖ് അബ്ദുള്ള മനസിലാക്കണം. ഈ സ്വാതന്ത്ര‍്യം ഉള്ളതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്തരം പരാമർശങ്ങൾ പറയാൻ നടത്താൻ കഴിയുന്നത്. പാക്കിസ്ഥാനിലായിരുന്നുവെങ്കിൽ അദ്ദേഹത്തിന് ഇത്തരമൊരു പരാമർശം പാക്കിസ്ഥാനിൽ നടത്തിയാൽ ഒരുപക്ഷേ അദ്ദേഹം രക്ഷപ്പെടുമായിരുന്നില്ല''. സത് ശർമ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.