"അമ്മയ്ക്ക് വരുമാനമുണ്ടെന്ന് കരുതി അച്ഛന്‍റെ ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല"; കുട്ടികളുടെ സംരക്ഷണത്തിൽ‌ കോടതി

കുട്ടിക്ക് സംരക്ഷണച്ചെലവ് ആവശ്യപ്പെട്ട് മാതാവ് സിആര്‍പിസി സെക്ഷന്‍ 125 പ്രകാരം ഫയല്‍ ചെയ്ത കേസിലായിരുന്നു നടപടി
father cannot avoid duty to maintain minor child uttarakhand high court

"അമ്മയ്ക്ക് വരുമാനമുണ്ടെന്ന് കരുതി അച്ഛന്‍റെ ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല"; കുട്ടികളുടെ സംരക്ഷണത്തിൽ‌ കോടതി

Updated on

ഡെറാഡൂണ്‍: കുട്ടികളുടെ സംരക്ഷിക്കുന്നതിൽ‌ നിന്ന് പിതാവിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. കുട്ടിയുടെ അമ്മയ്ക്ക് വരുമാനമുണ്ടെന്നതിനാലോ, തനിക്ക് ലോണ്‍ തിരിച്ചടവോ കുടുംബപരമായ മറ്റ് ഉത്തരവാദിത്തങ്ങളോ ഉണ്ടെന്നതിനാലോ പിതാവിന് പിന്‍വാങ്ങാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കുക എന്ന ചുമതല മറ്റെല്ലാ കാര്യങ്ങളേക്കാളും മുന്‍ഗണന അര്‍ഹിക്കുന്ന ഒന്നാണെന്നും, സ്വന്തം ഇഷ്ടപ്രകാരം ഏറ്റെടുത്ത സാമ്പത്തിക ബാധ്യതകള്‍ ചൂണ്ടിക്കാട്ടി ഇതില്‍ നിന്ന് ഒഴിയാന്‍ കഴിയില്ലെന്നും കോടതി ആവര്‍ത്തിച്ചു.

കുട്ടിക്ക് സംരക്ഷണച്ചെലവ് ആവശ്യപ്പെട്ട് മാതാവ് സിആര്‍പിസി സെക്ഷന്‍ 125 പ്രകാരം ഫയല്‍ ചെയ്ത കേസിലായിരുന്നു നടപടി. ഇടക്കാല സംരക്ഷണച്ചെലവിനായുള്ള അപേക്ഷ അനുവദിച്ച ഫാമിലി കോടതി, അപേക്ഷ സമര്‍പ്പിച്ച തീയതി മുതല്‍ പ്രതിമാസം 8,000 രൂപ വീതം നല്‍കാന്‍ പിതാവിനോട് നിര്‍ദേശിച്ചിരുന്നു. ഫാമിലി കോടതിയുടെ ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് പിതാവ് ഹൈക്കോടതിയെ സമീപിച്ചു.

മാതാപിതാക്കള്‍ രണ്ടുപേരും സര്‍ക്കാര്‍ ജീവനക്കാരാണെന്നും അതിനാല്‍ സംരക്ഷണച്ചെലവിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും തന്‍റെ മേല്‍ കെട്ടിവെക്കരുതെന്നുമായിരുന്നു ഇയാളുടെ വാദം. തന്‍റെ ശമ്പളത്തില്‍ നിന്നുള്ള വായ്പാ തിരിച്ചടവുകള്‍, പ്രായമായ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സംരക്ഷണം തുടങ്ങി മറ്റ് കുടുംബപരമായ ബാധ്യതകളും ഇയാള്‍ കോടതിയെ ബോധിപ്പിച്ചു. തന്‍റെ സാമ്പത്തിക സ്ഥിതി പരിഗണിക്കുമ്പോള്‍ നിശ്ചയിക്കപ്പെട്ട തുക അമിതമാണെന്നും, മാതാവിന്‍റെ വരുമാനത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഫാമിലി കോടതി കൃത്യമായി പരിശോധിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

എന്നാല്‍, പിതാവ് സ്ഥിരവരുമാനമുള്ള ഒരു സര്‍ക്കാര്‍ ജീവനക്കാരനാണെന്നും, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കാന്‍ ഇയാള്‍ക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും കുട്ടിയുടെ ഭാഗത്തുനിന്നുള്ള അഭിഭാഷകന്‍ വാദിച്ചു. കുട്ടിയുടെ ആവശ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കോടതി നിശ്ചയിച്ച തുക ന്യായമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടിയുടെ പിതൃത്വം ഇയാള്‍ സമ്മതിച്ചിട്ടുള്ള സാഹചര്യത്തില്‍, സിആര്‍പിസി 125-ാം വകുപ്പ് പ്രകാരം കുട്ടിയെ സംരക്ഷിക്കാനുള്ള പിതാവിന്‍റെ നിയമപരമായ ബാധ്യത സ്ഥാപിക്കപ്പെട്ടതായി കോടതി ആദ്യം തന്നെ നിരീക്ഷിച്ചു.

മാതാവിന് വരുമാനമുണ്ടെന്നത് പിതാവിനെ തന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഒരു കാരണമാകില്ല. സംരക്ഷണത്തുക നിശ്ചയിക്കുമ്പോള്‍ മാതാപിതാക്കളുടെ സാമ്പത്തിക ശേഷി പരിഗണിക്കാമെങ്കിലും, അത് പിതാവിന്‍റെ പ്രാഥമിക ഉത്തരവാദിത്തത്തെ കുറയ്ക്കുന്നില്ല. 'സിആര്‍പിസി സെക്ഷന്‍ 125 എന്നത് നിരാലംബതയും അനാഥത്വവും തടയാന്‍ ഉദേശിച്ചുള്ള ഒരു സാമൂഹിക നീതി നിയമമാണ്. ആശ്രിതര്‍ക്ക് അനുകൂലമായ രീതിയില്‍ വേണം ഈ നിയമത്തെ വ്യാഖ്യാനിക്കാന്‍. മാതാപിതാക്കളുടെ പദവിക്ക് അനുയോജ്യമായ രീതിയിലുള്ള സംരക്ഷണം ലഭിക്കാന്‍ ഒരു മൈനര്‍ കുട്ടിക്ക് അവകാശമുണ്ട്. മാതാവ് സമ്പാദിക്കുന്നുണ്ട് എന്ന വാദം പിതാവിനെ നിയമപരമായ ബാധ്യതയില്‍ നിന്ന് സ്വയം മോചിതനാക്കുന്നില്ല. എന്നാല്‍ സംരക്ഷണത്തുക നിശ്ചയിക്കുമ്പോള്‍, രണ്ട് പേരുടെയും സാമ്പത്തിക ശേഷി കണക്കിലെടുത്ത് ഭാരം ന്യായമായ രീതിയില്‍ വിഭജിക്കണം, കോടതി വ്യക്തമാക്കി.

വായ്പാ തിരിച്ചടവ് പോലുള്ള സ്വയം ഏറ്റെടുത്ത ബാധ്യതകള്‍ക്ക് കുട്ടിയുടെ സംരക്ഷണത്തിനുള്ള അവകാശത്തേക്കാള്‍ മുന്‍ഗണന നല്‍കാനാവില്ലെന്നും കോടതി വിധിച്ചു. അതുപോലെ മാതാപിതാക്കളോടും സഹോദരങ്ങളോടുമുള്ള ഉത്തരവാദിത്തങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോടുള്ള നിയമപരമായ കടമയെ അത് മറികടക്കുന്നില്ല. അപേക്ഷ സമര്‍പ്പിച്ച തീയതി മുതല്‍ തുക നല്‍കണമെന്ന ഉത്തരവും കോടതി ശരിവെച്ചു. നിയമപരമായ പിഴവുകളോ അപാകതകളോ ഇല്ലാത്ത പക്ഷം ഫാമിലി കോടതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ റിവിഷന്‍ അധികാരപരിധിയില്‍ പരിമിതിയുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com