

തീപിടിത്തം നടന്ന സ്ഥലത്തെ ദൃശൃങ്ങൾ
പനാജി: ഗോവ ബാഗ ബീച്ചിലെ നൈറ്റ് ക്ലബിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തെത്തുടർന്ന് 25 പേർ മരിക്കാനിടയായ സംഭവത്തിൽ നടപടി സ്വീകരിച്ച് പൊലീസ്. ബിർച്ച് ബൈ റോമിയോ ലെയ്ൻ നൈറ്റ് ക്ലബ് ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവർക്കെതിരേ ഭാരതീയ ന‍്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതുകൂടാതെ ക്ലബിന്‍റെ മാനേജർക്കെതിരേയും പരിപാടിയുടെ സംഘാടകർക്കെതിരേയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, തീപിടിത്തവുമായി ബന്ധപ്പെട്ട് അർപോറയിലെ പഞ്ചായത്ത് പ്രസിഡന്‍റ് റോഷൻ റേഡ്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2013ൽ ഈ സ്ഥലത്തിന് ട്രേഡ് ലൈസൻസ് നൽകിയതിനാണ് റോഷൻ റേഡ്കറിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
വാർത്താ ഏജൻസിയായ പിടിഐയോട് ഒരു സീനിയർ പൊലീസ് ഉദ‍്യോഗസ്ഥനാണ് ഇക്കാര‍്യങ്ങളെല്ലാം വ‍്യക്തമാക്കിയത്. തീപിടിത്തത്തിൽ 25 പേർ മരിക്കുകയും 6 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മുഖ‍്യമന്ത്രി പ്രമോദ് സാവന്ത് ജുഡീഷ‍്യൽ അന്വേഷണം പ്രഖ‍്യാപിച്ചിട്ടുണ്ട്.
അടുക്കളയിലെ ഗ‍്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പുറത്തു വരുന്ന വിവരം. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും കേന്ദ്ര സർക്കാർ ധനസഹായം പ്രഖ‍്യാപിച്ചിട്ടുണ്ട്. 'ബോളിവുഡ് ബാംഗർ നൈറ്റ്' എന്നു പേരിട്ടിരുന്ന പരിപാടിയിൽ വിദേശികൾ ഉൾപ്പടെ 100ലധികം പേർ പങ്കെടുത്തിരുന്നു.