

ആകാശവാണി ഭവൻ വളപ്പിൽ ഇരിക്കുന്ന രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ പ്രതിപക്ഷ മാർച്ചിനിടെ ആകാശവാണി ഭവനിൽ പ്രവേശിച്ചതിന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരേ കേസെടുത്തു. ഇരുവരും അനുമതിയില്ലാതെയാണ് ആകാശവാണി ഭവനിൽ പ്രവേശിച്ചതെന്ന പരാതി ലഭിച്ചതിന് പിന്നാലെയാണ് ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
അതേസമയം ആരാണ് പരാതി നൽകിയതെന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്കുള്ള മാർച്ച് പൊലീസ് തടഞ്ഞതോടെ രാഹുലും പ്രിയങ്കയും മറ്റു നേതാക്കൾക്കൊപ്പം ആകാശവാണി ഭവൻ വളപ്പിലേക്ക് കയറിയത്. ഇവിടെ ഒരു മരത്തിന്‍റെ ചുവട്ടിൽ എട്ട് മണിക്കൂറിലധികം കുത്തിയിരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിന്‍റെ 600 മീറ്ററോളം മാത്രം അകലെയാണ് ആകാശവാണി ഭവൻ. ഇവിടെ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് കടക്കാമെന്നായിരുന്നു രാഹുലിന്‍റെയും കൂട്ടരുടെയും പ്ലാൻ.
എന്നാൽ പൊലീസ് കനത്ത കാവൽ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധം അവസാനിപ്പിക്കണമെന്നും വീട്ടിലേക്ക് മടങ്ങണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ വഴങ്ങിയില്ല. തുടർന്ന് രാത്രി ഏഴോടെ രാഹുലും പ്രിയങ്കയും അടക്കം എല്ലാവരെയും പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തുടർന്ന് കിങ്‌സ്‌വേ പൊലീസ് ക്യാമ്പിൽ എത്തിച്ചശേഷം രാത്രി പത്തിന് വിട്ടയച്ചു.
പാർലമെന്‍റിൽ നിന്നാണ് രാഹുലിന്‍റെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യത്തിലെ എംപിമാർ തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. എന്നാൽ മാർച്ചിന് അനുമതി തേടി അപേക്ഷ നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ് പറഞ്ഞു. അതിനാൽ അനുമതി നൽകിയില്ലെന്നും പൊലീസ് വ്യക്തമാക്കി.