രാജ്യതലസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് ഇനി പെണ്‍കരുത്ത്; ഡല്‍ഹിയില്‍ ആദ്യ വനിത പൊലീസ് സ്റ്റേഷന്‍ നിലവില്‍ വന്നു

വടക്കന്‍ ഡല്‍ഹിയിലെ സബ്‌സി മണ്ഡിയില്‍ പുതിയ വനിത പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ തരണ്‍ജിത് സിങ് സന്ധു നിര്‍വഹിച്ചു
delhi women police station

ഡല്‍ഹി വനിത പൊലീസ്

Updated on

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ആദ്യ വനിത പൊലീസ് സ്റ്റേഷന്‍ പ്രാബല്യത്തില്‍ വന്നു. വടക്കന്‍ ഡല്‍ഹിയിലെ സബ്‌സി മണ്ഡിയില്‍ പുതിയ വനിത പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ തരണ്‍ജിത് സിങ് സന്ധു നിര്‍വഹിച്ചു. ഡല്‍ഹിയില്‍ സ്ത്രീ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് വനിത പൊലീസ് സ്റ്റേഷന്‍ ആരംഭിച്ചത്.

ഡല്‍ഹിയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ടു പരിഹരിക്കാന്‍ വനിത പൊലീസ് സ്റ്റേഷന്റെ സഹായം ഉണ്ടാകുമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഉദ്ഘാടനചടങ്ങില്‍ പറഞ്ഞു. വൈകാതെ മറ്റു ജില്ലകളിലും സമാന രീതിയിലുള്ള സംവിധാനം ഏര്‍പ്പെടുത്തും. ശനിയാഴ്ച മുതല്‍ എല്ലാ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും 'ജന്‍ സുനോ' പദ്ധതിയുടെ ഭാഗമായി സ്റ്റേഷനുകളില്‍വെച്ച് പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുമെന്നും ലെഫ്റ്റനന്റ് ഗവര്‍ണര്‍ പ്രഖ്യാപിച്ചു. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സതീഷ് ഗോല്‍ച്ച ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇതാദ്യമായാണ് ഡല്‍ഹിയില്‍ വനിത പൊലീസുകാര്‍ മാത്രം അടങ്ങുന്ന സ്റ്റേഷന്‍ സ്ഥാപിച്ചത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, ലൈംഗിക പീഡനം, ഗാര്‍ഹിക പീഡനങ്ങള്‍ തുടങ്ങിയവ അമര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ടാണ് വനിത പൊലീസ് സ്റ്റേഷന്‍ രൂപവത്കരിച്ചത്. സ്ത്രീകള്‍ക്കുള്ള ബോധവത്കരണ പരിപാടികള്‍, കൗണ്‍സിലിങ്, ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കുള്ള നിയമങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കല്‍ തുടങ്ങിയ കാര്യങ്ങളും വനിത പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ നടപ്പാക്കും.

logo
Metro Vaartha
www.metrovaartha.com