ബുള്ളറ്റ് ട്രെയിൻ പദ്ധതി: ആദ്യ തുരങ്കം പൂർത്തിയായി

മുംബൈ- അഹമ്മദാബാദ് അതിവേഗ റെയ്‌ൽ ഇടനാഴി പദ്ധതിയിലെ ആദ്യ തുരങ്കമാണു 10 മാസത്തിനുള്ളിൽ യാഥാർഥ്യമായത്
Mumbai - Ahmedabad bullet train route, first tunnel.
Mumbai - Ahmedabad bullet train route, first tunnel.
Updated on

മുംബൈ: രാജ്യത്തെ പ്രഥമ ബുള്ളറ്റ് ട്രെയ്‌ൻ പദ്ധതിക്കുള്ള തുരങ്കം ഗുജറാത്തിലെ വൽസാഡിനു സമീപം അംബർഗാവിലെ സരോലിയിൽ പൂർത്തിയായി. മുംബൈ- അഹമ്മദാബാദ് അതിവേഗ റെയ്‌ൽ ഇടനാഴി പദ്ധതിയിലെ ആദ്യ തുരങ്കമാണു 10 മാസത്തിനുള്ളിൽ യാഥാർഥ്യമായത്.

ന്യൂ ഓസ്ട്രിയൻ ടണലിങ് മെതേഡ് അഥവാ എൻഎടിഎം അടിസ്ഥാനമാക്കിയായിരുന്നു നിർമാണമെന്നു നാഷണൽ ഹൈസ്പീഡ് റെയ്‌ൽ കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ).

തുരങ്കവും തുരങ്ക കവാടവുമുൾപ്പെടെയാണു നിർമിച്ചത്. 350 മീറ്ററാണു തുരങ്കത്തിന്‍റെ നീളം. 12.5 മീറ്റർ വ്യാസം. 10.25 മീറ്റർ വീതി. കുതിരലാടത്തിന്‍റെ ആകൃതിയിൽ നിർമിച്ച ഒറ്റത്തുരങ്കത്തിലൂടെ രണ്ട് അതിവേഗ ട്രെയ്‌നുകൾക്കു പോകാനാകും.

മലകളെ മറികടക്കുന്ന ഏഴു തുരങ്കങ്ങളാണു നിർദിഷ്ട മുംബൈ- അഹമ്മദാബാദ് പാതയിലുള്ളത്. മല തുരക്കുന്നതിനൊപ്പം പാറകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ നീക്കുകയും മണ്ണും പാറയുമടക്കം അവശിഷ്ടങ്ങൾ പുറന്തള്ളുകയും തുരങ്കത്തിന്‍റെ പ്രാഥമിക കോൺക്രീറ്റിങ് നടത്തുകയും ചെയ്യുന്ന എൻഎടിഎം ശൈലിയിലാകും ഇവ നിർമിക്കുക. മുംബൈയിലെ ബാന്ദ്ര- കുർള കോംപ്ലക്സ് ഭാഗത്ത് 21 കിലോമീറ്റർ തുരങ്കത്തിലൂടെയാണ് അതിവേഗ റെയ്‌ൽപാത നിർമിക്കുന്നത്.

താനെയിലെ ശിൽഫാത്തയിൽ ഏഴു കിലോമീറ്റർ കടലിനടിയിലൂടെയാണു പാത. രാജ്യത്ത് ആദ്യമാണ് കടലിനടിയിലൂടെ തുരങ്കം നിർമിക്കുന്നത്. ആകെ 1.08 ലക്ഷം കോടിയാണു പദ്ധതിയുടെ ചെലവ്. 10000 കോടി കേന്ദ്ര സർക്കാരും 5000 വീതം ഗുജറാത്ത്, മഹാരാഷ്‌ട്ര സർക്കാരുകളും വഹിക്കും. അവശേഷിക്കുന്നത് ജപ്പാൻ നൽകുന്ന വായ്പയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com