
ശ്രീനഗർ: അമർനാഥ് തീർഥയാത്രക്കിടെ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 തീർഥാടകർ മരിച്ചതായും സ്ഥിരീകരിച്ചു. മൂന്നു പേർ പഹൽഗാമിൽ വച്ചും രണ്ടു പേർ ബാൽത്തൽ പാതയിൽ വച്ചുമാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഉത്തർപ്രദേശ്, മധ്യപ്രദേശ് സ്വദേശികളാണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച്ച വരെ 1,37,353 തീർഥാടകരാണ് അമർനാഥ് തീർഥയാത്ര പൂർത്തിയാക്കിയത്. കനത്ത മഴയിൽ ദേശീയ പാത തകർന്നതിനെത്തുടർന്ന് തീർഥാടനം മൂന്നു ദിവസം തുടർച്ചയായി നിർത്തി വച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് തീർഥാടനം പുനരാരംഭിച്ചത്.