
ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി
ന്യൂഡൽഹി: മൂന്നു ദിവസമായി തുടരുന്ന ബോംബ് ഭീഷണികളിൽ വലഞ്ഞ് ഡൽഹി. ബുധനാഴ്ച അഞ്ച് സ്കൂളുകൾക്ക് കൂടി ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. വിദ്യാർഥികളെയും അധ്യാപകരെയും പുറത്തെത്തിച്ച് പൊലീസും ബോംബ് സ്ക്വാഡും പരിശോധന തുടരുകയാണ്. ദ്വാരക സെന്‍റ് തോമസ് സ്കൂൾ. വസന്ത് കുഞ്ചിലെ വസന്ത് വാലി സ്കൂൾ, ഹോസ് ഖാസിലെ മദർ ഇന്‍റർനാഷണൽ സ്കൂൾ, പശ്ചിം വിഹാറിലെ റിച്ച്മണ്ട് ഗ്ലോബൽ സ്കൂൾ ലോധി എസ്റ്റേറ്റിലെ സർദാർ പട്ടേൽ വിദ്യാലയ എന്നിവയ്ക്കാണ് ബുധനാഴ്ച രാവിലെ ഭീഷണി സന്ദേശം ലഭിച്ചത്.
ഇതിൽ സെന്‍റ് തോമസ് സ്കൂളിന് 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് ഭീഷണി ലഭിക്കുന്നത്. പരിശോധന നടക്കുന്നതിനാൽ സ്കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
തുടർച്ചയായ മൂന്നു ദിവസങ്ങൾക്കിടെ പത്തു ബോംബ് ഭീഷണികളാണ് തലസ്ഥാനത്തെ 9 സ്കൂളുകളിലായി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസവും ഭീഷണി സന്ദേശം ലഭിച്ച സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നെങ്കിലും യാതൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.