ഉത്തരാഖണ്ഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

കുടുംബം സഞ്ചരിച്ചിരുന്ന ബൊലേറോ കാർ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ആഴമേറിയ കൊക്കയിലേക്ക് പതിക്കുകയായിരുന്നു

Representative image

പ്രതീകാത്മക ചിത്രം

Updated on

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പൗരി ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഒരാൾക്ക് പരുക്കേൽക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു. ദേവപ്രയാഗ്–പൗരി റോഡിൽ വെള്ളിയാഴ്ചയാണ് സംഭവം.

ഹരിദ്വാറിലെ ലക്സർ സ്വദേശികളായ അഫ്സൽ (49), ഭാര്യ സബ്ബു (40), മകൻ ഷദാബ് (14), മകൾ അനാമിയ (മൂന്ന്), അഫ്സലിന്‍റെ സഹോദരൻ ഗുഫ്രാൻ (34) എന്നിവരാണ് മരിച്ചത്. അഫ്സലിന്‍റെ മറ്റൊരു മകനായ അർഹത്തിനാണ് (16) പരുക്കേറ്റത്.

ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ കാർ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ആഴമേറിയ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് വാഹനത്തിൽ ഏഴ് പേരുണ്ടായിരുന്നു. വിവരമറിഞ്ഞ് ദേവപ്രയാഗ് പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മറ്റൊരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. അപകടത്തിന്‍റെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അനുശോചനം രേഖപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com