
എയർ ഇന്ത്യയിൽ പ്രതിസന്ധി; വെള്ളിയാഴ്ച മാത്രം എട്ട് ആഭ്യന്തര, അന്തർദേശീയവിമാന സർവീസുകൾ റദ്ദാക്കി
ന്യൂഡൽഹി: അറ്റകുറ്റപ്പണികളും സാങ്കേതിക കാരണങ്ങളും ചൂണ്ടിക്കാട്ടി എയർ ഇന്ത്യ വെള്ളിയാഴ്ചയും ഏകദേശം എട്ട് ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകൾ റദ്ദാക്കി. ജൂൺ 12നുണ്ടായ വിമാനാപകടത്തിനു പിന്നാലെ റെഗുലേറ്ററി പരിശോധനകളും സുരക്ഷാ പരിശോധനകളും വർധിപ്പിച്ചതോടെയാണ് വിമാനസർവീസുകളിൽ തടസം നേരിടുന്നത്.
എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനങ്ങളിലുടനീളം സമഗ്ര സുരക്ഷാ പരിശോധനകൾക്ക് ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഉത്തരവിട്ടിട്ടുണ്ട്. ഡിജിസിഎയുടെ കണക്ക് പ്രകാരം അപകടത്തിന് ശേഷം ആകെ 66 ഡ്രീംലൈനർ വിമാനങ്ങൾ റദ്ദാക്കി.
ജൂൺ 12 ന് മാത്രം, ഡ്രീംലൈനർ സർവീസ് നടത്തിയിരുന്ന 50 വിമാനങ്ങളിൽ ആറെണ്ണം നിലത്തിറക്കി. ജൂൺ 18 വരെ എയർ ഇന്ത്യയുടെ 33 ഡ്രീംലൈനറുകളിൽ 24 എണ്ണം പരിശോധനകൾക്കു വിധേയമാക്കിയിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ അവലോകനത്തിനായി ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും റെഗുലേറ്ററി ബോഡി സ്ഥിരീകരിച്ചു.
അറ്റകുറ്റപ്പണികൾ കാരണം രണ്ട് ജെറ്റുകൾ നിലവിൽ ഡൽഹിയിൽ എയർക്രാഫ്റ്റ് ഓൺ ഗ്രൗണ്ട് (AOG) ആയി പട്ടികപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന് ശേഷം പ്രത്യേക വിമാനം പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും "വിമാനം ലഭ്യമല്ലാത്തതിനാൽ" സർവീസ് നിർത്തിവച്ചു.
അന്താരാഷ്ട്ര വിമാനങ്ങൾ
AI906: ദുബായ് - ചെന്നൈ
AI308: ഡൽഹി - മെൽബൺ
AI309: മെൽബൺ - ഡൽഹി
AI2204: ദുബായ് - ഹൈദരാബാദ്
ആഭ്യന്തര വിമാനങ്ങൾ
AI874: പൂനെ - ഡൽഹി
AI456: അഹമ്മദാബാദ് - ഡൽഹി
AI2872: ഹൈദരാബാദ് - മുംബൈ