വിമാന യാത്രകൾക്ക് ചെലവേറും

പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചതു കാരണം അഞ്ച് ദിവസത്തിനിടെ ഇന്ത്യൻ വിമാനക്കമ്പനികളുടെ അറുനൂറോളം സർവീസുകൾ വഴിതിരിച്ചുവിട്ടു
Flights to be costlier

വിമാന യാത്രകൾക്ക് ചെലവേറും

Representative image

Updated on

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ആകാശപാത അടയ്ക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചതോടെ അഞ്ച് ദിവസങ്ങളിലായി ഇന്ത്യ വഴിതിരിച്ചുവിട്ടത് അറുനൂറോളം വിമാനങ്ങള്‍.

2025 ഏപ്രില്‍ 24നാണ് പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചത്. ഇതെത്തുടര്‍ന്ന് യൂറോപ്പ്, നോര്‍ത്ത് അമെരിക്ക എന്നിവിടങ്ങളിലേക്കു പറന്ന എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ക്കാണ് റൂട്ട് മാറ്റേണ്ടി വന്നത്.

യൂറോപ്പ്, നോര്‍ത്ത് അമെരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് പറന്നപ്പോള്‍ ഇന്ധനം നിറയ്ക്കുന്നതിനായി ഏകദേശം 120 വിമാനങ്ങള്‍ക്ക് യാത്രയ്ക്കിടെ സര്‍വീസ് സ്റ്റോപ്പ് ചെയ്യേണ്ടി വന്നു.

മാര്‍ച്ചില്‍ പാക്കിസ്ഥാനിലൂടെ പറന്നത് നൂറോളം വിമാനങ്ങള്‍

ഈ വര്‍ഷം മാര്‍ച്ചിലെ എല്ലാ ആഴ്ചയും ഇന്ത്യന്‍ വിമാനക്കമ്പനികളുടെ 800 അന്താരാഷ്ട്ര വിമാനങ്ങള്‍ പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തിയിലൂടെ പറന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ 2025 ഏപ്രില്‍ 22ന് പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് രൂപപ്പെട്ട ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ ഫലമായി ബദല്‍ വ്യോമപാതയിലൂടെ സഞ്ചരിക്കേണ്ടി വരുന്നത് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ചെലവേറിയ കാര്യമാണ്. സര്‍വീസ് സങ്കീര്‍ണവുമായിരിക്കുന്നു.

ഡല്‍ഹി, അമൃത്സര്‍, ശ്രീനഗര്‍, ചണ്ഡീഗഡ്, അഹമ്മദാബാദ്, കൊല്‍ക്കത്ത, ലഖ്നൗ, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മിഡില്‍ ഈസ്റ്റിലെ നഗരങ്ങളിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇപ്പോള്‍ 15 മുതല്‍ 45 മിനിറ്റും യൂറോപ്പിലേക്ക് പോകുന്ന വിമാന സര്‍വീസുകള്‍ക്ക് 1.5 മണിക്കൂറും അധിക സമയം എടുക്കുന്നുണ്ട്.

പാക്കിസ്ഥാന്‍റെ വ്യോമാതിര്‍ത്തി അടച്ചിടല്‍ ഒരു മാസത്തേക്ക് തുടര്‍ന്നാല്‍, ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് 10 മില്യണ്‍ മുതല്‍ 15 മില്യണ്‍ ഡോളര്‍ വരെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നു യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സല്‍ട്ടന്‍സിയായ ബിഎഎ& പാര്‍ട്‌ണേഴ്‌സിന്‍റെ എംഡി ലിനസ് ബോയര്‍ പറഞ്ഞു.

ഇന്ധന ചെലവ്, ജീവനക്കാര്‍ക്ക് അധികമായി ജോലി ചെയ്യേണ്ടി വരുന്നത്, വിമാന റദ്ദാക്കല്‍ മൂലമുള്ള നഷ്ടം, കൂടുതല്‍ ദൂരം സഞ്ചരിക്കുമ്പോള്‍ ചരക്ക് വഹിച്ചു കൊണ്ടുപോകുന്നത് കുറയ്ക്കുന്നത് തുടങ്ങിയ ചെലവുകള്‍ അടിസ്ഥാനമാക്കിയാണ് ഇത്രയും നഷ്ടം കണക്കാക്കുന്നതെന്ന് ലിനസ് ബോയര്‍ പറയുന്നു.

വിമാനങ്ങള്‍ കൂടുതല്‍ ദൂരം പറക്കുമ്പോള്‍, ഇന്ധന ഉപഭോഗം വര്‍ദ്ധിക്കും. അതിലൂടെ മാത്രം ഒരു വിമാനത്തിന് 1,350 മുതല്‍ 3,000 ഡോളര്‍ വരെ അധിക ചെലവ് വരും.

ഒരു വിമാനക്കമ്പനിയുടെ മൊത്തം ചെലവിന്‍റെ 25 ശതമാനത്തോളം വരുന്നത് ഇന്ധനത്തിനാണ്. ഇത്തരത്തില്‍ അധിക ചെലവ് വരുമ്പോള്‍ സ്വാഭാവികമായും വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ബാധ്യസ്ഥരാവും.

ഉയര്‍ന്ന ചെലവുകള്‍ നികത്തുന്നതിനും വിമാന നിരക്കുകളിലെ വര്‍ധന ഒഴിവാക്കുന്നതിനും സബ്‌സിഡി പരിഗണിക്കണമെന്നു വിമാനക്കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

നിലവില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കാണ് പാക് വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതിന് വിലക്ക്. എന്നാല്‍ മറ്റ് രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് പറക്കുന്നതിനും ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് പറക്കുന്നതിനും പാക്കിസ്ഥാന്‍റെ വിലക്കില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com