

റെയിൽവേ സ്റ്റേഷനിലെ വൈദ്യുതി ലൈനിൽ നവജാത ശിശുവിന്‍റെ മൃതദേഹം തൂക്കിയിട്ട നിലയിൽ കണ്ടെത്തി
ഗോരാഖ്പുർ: റെയിൽവേ സ്റ്റേഷനിൽ ഓവർഹെഡ് വൈദ്യുതി ലൈനിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ ഗൊരഖ്പുരിലെ സഹ്ജൻവ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
സ്റ്റേഷന്‍റെ രണ്ടാം പ്ലാറ്റ്ഫോമിന് പിന്നിൽ കേശവ്പുർ പവർ സബ് സ്റ്റേഷനു സമീപം ഇരുപതടിയോളം ഉയരത്തിലുള്ള വൈദ്യുതി ലൈനിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു കുഞ്ഞിന്‍റെ മൃതദേഹം.
ഇതു കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കി പോസ്റ്റുമോർട്ടത്തിനയച്ചു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും വീടുകളിൽ കയറിയിറങ്ങി വിവരങ്ങൾ തിരക്കുമെന്നും പൊലീസ് വ്യക്തമാക്കി.
റെയിൽവേ ട്രാക്കിന് പരിസരത്തെ ഏതെങ്കിലും വീട്ടിൽ നിന്നു മൃതദേഹം വലിച്ചെറിഞ്ഞിരിക്കാനുള്ള സാധ്യതയാണ് പൊലീസ് ഇപ്പോൾ പരിശോധിക്കുന്നത്.