പ്രേമാനന്ദ് മഹാരാജിന്‍റെ അനുയായി ആശ്രമത്തിൽ നിന്ന് വീണ് മരിച്ചു; ആത്മഹത്യയെന്ന് സംശയം

ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ വൃന്ദാവനിലുള്ള ആശ്രമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം
Premanand Maharaj (left) and the deceased follower Deepak Lodhi (right)

പ്രേമാനന്ദ് മഹാരാജ് (ഇടത്), മരിച്ച അനുയായി ദീപക് ലോധി (വലത്)

Updated on: 

മഥുര: ആത്മീയ ഗുരു പ്രേമാനന്ദ് മഹാരാജിന്‍റെ അനുയായി ആശ്രമത്തിൽ നിന്ന് വീണ് മരിച്ചു. ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ വൃന്ദാവനിലുള്ള ആശ്രമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.

മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയായ ദീപക് ലോധി എന്ന രസിക് ദുലരി ശരൺ ആണ് മരിച്ചത്. ഗുരു കൃപ കുഞ്ച് ആശ്രമത്തിന്‍റെ നാലാം നിലയിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. വീഴ്ചയിൽ ലോധിയുടെ തലയ്ക്കും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലും ഗുരുതരമായി പരുക്കേറ്റിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ആരാണ് പ്രേമാനന്ദ് മഹാരാജ്

ഉത്തർപ്രദേശിലെ പ്രമുഖ ആത്മീയ നേതാവാണ് 55കാരനായ പ്രേമാനന്ദ് മഹാരാജ്. അനിരുദ്ധ് കുമാർ പാണ്ഡെ എന്ന പേരിൽ കാൺപൂരിൽ ജനിച്ച ഇദ്ദേഹം രാധയുടെയും കൃഷ്ണന്‍റെയും ഭക്തനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് പ്രേമാനന്ദ് മഹാരാജ് എന്ന പേര് സ്വീകരിച്ചു. വൃന്ദാവനിലെ രാധാ കേളി കുഞ്ച് ആശ്രമത്തിൽ നടക്കുന്ന ഇദ്ദേഹത്തിന്‍റെ പ്രതിദിന ആത്മീയ പ്രഭാഷണം കേൾക്കാൻ നിരവധി പേരെത്താറുണ്ട്. കൂടാതെ രാജ്യത്തിനകത്തും പുറത്തുനിന്നുമായി നൂറുകണക്കിന് പേർ സോഷ്യൽ മീഡിയയിലൂടെയും ഇദ്ദേഹത്തെ പിന്തുടരുന്നുണ്ട്.

ക്രിക്കറ്റ് താരം വിരാട് കോലി, ഭാര്യ അനുഷ്ക ശർമ, ബോളിവുഡ് നടിമാരായ ഹേമ മാലിനി, ശിൽപ ഷെട്ടി, ശിൽപ്പയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര, നടൻ രാജ്പാൽ യാദവ്, ഗായകരായ ബാദ്ഷാ, മിക സിങ് തുടങ്ങിയ പ്രമുഖർ പ്രേമാനന്ദ് മഹാരാജിനെ സന്ദർശിക്കാൻ പതിവായി എത്താറുണ്ട്.

logo
Metro Vaartha
www.metrovaartha.com