ഉത്തരാഖണ്ഡ് രക്ഷാദൗത്യത്തിന് അന്താരാഷ്‌ട്ര വിദഗ്ധനും

ഇടിഞ്ഞ തുരങ്കത്തിൽ ഇപ്പോൾ നടത്തുന്ന ശ്രമങ്ങൾ ശരിയായ ദിശയിലെന്ന് പ്രൊഫ. അർനോൾഡ് ഡിക്സ്
ഉത്തരകാശിയിൽ തുരങ്കം തകർന്നയിടത്ത് ടണൽ എക്സ്പെർട്ടായ പ്രൊഫ. അർനോൾഡ് ഡിക്സ് പരിശോധന നടത്തുന്നു.
ഉത്തരകാശിയിൽ തുരങ്കം തകർന്നയിടത്ത് ടണൽ എക്സ്പെർട്ടായ പ്രൊഫ. അർനോൾഡ് ഡിക്സ് പരിശോധന നടത്തുന്നു.

ഉത്തരകാശി: തുരങ്കത്തിലകപ്പെട്ട 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണയുമായി അന്താരാഷ്‌ട്ര രംഗത്ത് ഈ മേഖലയിലെ വിദഗ്ധനായ പ്രൊഫ. അർനോൾഡ് ഡിക്സ് ഉത്തരകാശിയിലെത്തി. തുരങ്കത്തിനുള്ളിലും മലയുടെ മുകളിലും പരിശോധന നടത്തിയ ഡിക്സ് മുഴുവൻ തൊഴിലാളികളെയും പൂർണ ആരോഗ്യവാന്മാരായി തിരികെ വീട്ടിലെത്തിക്കുമെന്നു മാധ്യമപ്രവർത്തകരോടു പറഞ്ഞു. നിലവിൽ രക്ഷാ പ്രവർത്തകർ നടത്തുന്ന ശ്രമങ്ങൾ ശരിയായ ദിശയിലുള്ളതാണെന്നും ദൗത്യസംഘത്തിന്‍റെ പ്രവർത്തനം അതിശയകരമാണെന്നും ഡിക്സ്. ലോകം മുഴുവൻ അവർക്കു പിന്തുണ നൽകി ഒപ്പമുണ്ടെന്നും ഓസ്ട്രേലിയൻ സ്വദേശിയായ ഡിക്സ് പറഞ്ഞു.

തൊഴിലാളികൾ തുരങ്കത്തിലകപ്പെട്ട് ഒമ്പതു ദിവസമെത്തിയപ്പോഴാണ് ഇന്‍റർനാഷണൽ ടണലിങ് അണ്ടർഗ്രൗണ്ട് സ്പെയ്സ് പ്രസിഡന്‍റ് (ഐടിയുഎസ്എ) കൂടിയായ ഡിക്സ് ഉത്തരകാശിയിലെത്തിയത്. രക്ഷാശ്രമങ്ങളിൽ കേന്ദ്ര സർക്കാർ അദ്ദേഹത്തിന്‍റെ സഹായം തേടുകയായിരുന്നു. കഴിഞ്ഞ വർഷമാണ് പ്രൊഫ. ഡിക്സ് ഐടിയുഎസ്എയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. എൻജിനീയറും നിയമവിദഗ്ധനുമായ അദ്ദേഹത്തിന്‍റേത് സങ്കീർണമായ ഭൂഗർഭ നിർമാണങ്ങളിലും രക്ഷാപ്രവർത്തനത്തിലും ഏറെ മികവുറ്റ നേതൃത്വമായാണു പരിഗണിക്കപ്പെടുന്നത്.

9/11ലെ ന്യൂയോർക്ക് ആക്രമണത്തിൽ ഭൂമിക്കടിയിലുള്ള നിർമാണങ്ങളുടെ തകർച്ച സംബന്ധിച്ച് അന്വേഷിച്ചത് ഡിക്സായിരുന്നു. ലണ്ടൻ, മാഡ്രിഡ് ബോംബാക്രമണങ്ങൾ, ദേഗുവിലും ഹോങ്കോങ്ങിലും മെട്രൊയിലുണ്ടായ തീപിടിത്തം എന്നിവയെക്കുറിച്ച് അന്വേഷിച്ച സംഘത്തിന്‍റെ നേതൃത്വവും ഡിക്സിനായിരുന്നു.

ഹിമാലയൻ ഭൗമഘടനയെക്കുറിച്ച് തനിക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നു തുരങ്കം പരിശോധിച്ച ഡിക്സ് പറഞ്ഞു. ആർക്കും നേരിയ അപകടം പോലുമുണ്ടാകാതെ എല്ലാവരെയും പുറത്തെത്തിക്കുകയാണ് ലക്ഷ്യം. തുരങ്കത്തിനുള്ളിലും മലമുകളിലും പരിശോധന നടത്തിയശേഷം തിരികെ ഓഫിസിലെത്തി കാര്യങ്ങൾ വിലയിരുത്തുമെന്നും ഡിക്സ്. തുരങ്കത്തിനു മുന്നിൽ രക്ഷാപ്രവർത്തകർ സ്ഥാപിച്ച ക്ഷേത്രത്തിൽ പ്രാർഥിച്ചശേഷമാണു ഡിക്സ് മടങ്ങിയത്.

തുരങ്കത്തിലെ രക്ഷാപ്രവർത്തനം.
തുരങ്കത്തിലെ രക്ഷാപ്രവർത്തനം.

ഒ​രു പൈ​പ്പ് കൂ​ടി സ്ഥാ​പി​ച്ചു

സിൽക്യാരയിലെ തുരങ്കത്തിൽ തൊഴിലാളികൾ കുടുങ്ങിയ ഭാഗത്തേക്ക് ബന്ധം സ്ഥാപിച്ച് അവശിഷ്ടങ്ങൾക്കിടയിലൂടെ ഇന്നലെ ഒരു പൈപ്പ് കൂടി സ്ഥാപിച്ചു. ആറിഞ്ച് വ്യാസമുള്ള പൈപ്പാണിത്. അപകടമുണ്ടായി ഒമ്പതാം ദിവസമാണു രക്ഷാപ്രവർത്തനത്തിൽ പ്രതീക്ഷ പകരുന്ന മുന്നേറ്റം.

ഇതുവരെ നാലിഞ്ചു വ്യാസമുള്ള പൈപ്പാണ് ഓക്സിജനും മരുന്നും ഭക്ഷണവും നൽകാൻ ഉപയോഗിച്ചിരുന്നത്. ഉണങ്ങിയ പഴങ്ങൾ മാത്രമായിരുന്നു ഭക്ഷണമായി നൽകിയിരുന്നത്. കൂടുതൽ വലുപ്പമുള്ള പൈപ്പ് സ്ഥാപിച്ചതോടെ സാധാരണ ഭക്ഷണം എത്തിക്കാനാകുമെന്നു നാഷണൽ ഹൈവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചറൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്ഐഡിസിഎൽ) ഡയറക്റ്റർ അൻഷു മനീഷ് ഖാൽഖോ.

53 മീറ്റർ നീളമുള്ളതാണു പുതിയ പൈപ്പ്. നേരത്തേയുണ്ടായിരുന്ന പൈപ്പിന്‍റെ എതിർവശത്തുകൂടിയാണ് പുതിയ പൈപ്പ് സ്ഥാപിച്ചത്. ഇതിലൂടെ തൊഴിലാളികളുമായി ആശയവിനിമയത്തിൽ ഇതോടെ കൂടുതൽ വ്യക്തതയുണ്ടായെന്നും ഖാൽഖോ. 12ന് രാവിലെയുണ്ടായ അപകടത്തിൽ 41 തൊഴിലാളികളാണ് ചാർധാം പാതയിലെ സിൽക്യാര- ബാർക്കോട്ട് തുരങ്കത്തിൽ കുടുങ്ങിയത്.

രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി ഡിആർഡിഒയുടെ ഡ്രോണുകളും റോബോട്ടുകളും എത്തിച്ചിട്ടുണ്ട്. തുരങ്കത്തിൽ നിന്നു മറ്റു രക്ഷാമാർഗങ്ങളുണ്ടോ എന്നാണ് ഇവ ഉപയോഗിച്ചു പരിശോധിക്കുന്നത്. അമെരിക്കൻ നിർമിത ഓഗർ മെഷീൻ ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിലൂടെ ദ്വാരമുണ്ടാക്കി ഒമ്പതു മീറ്റർ വ്യാസമുള്ള പൈപ്പ് തള്ളിക്കയറ്റാനും ഇതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനുമായിരുന്നു ആദ്യ ശ്രമം. മെഷീൻ പാറയിലിടിച്ചതോടെ വൻ പ്രകമ്പനമുണ്ടായതിനാൽ ഇതു നിർത്തിവച്ചിരിക്കുകയാണ്. മലയുടെ മുകളിൽ നിന്ന് തൊഴിലാളികൾ കുടുങ്ങിയ ഭാഗത്തേക്ക് കിണർപോലുള്ള മാർഗമുണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനായി മലമുകളിലേക്ക് പുതിയ റോഡ് നിർമിച്ച് യന്ത്രങ്ങളെത്തിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ അന്താരാഷ്‌ട്ര തുരങ്ക വിദഗ്ധൻ പ്രൊഫ. അർനോൾഡ് ഡിക്സ് ഇന്നലെ സിൽക്യാരയിലെത്തി. തൊഴിലാളികളുടെ ആത്മധൈര്യമുയർത്താൻ എല്ലാ ശ്രമങ്ങളും നടത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയോടു നിർദേശിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com