

എസ്ഐആർ; ഫോം വിതരണം 99 ശതമാനം പൂർത്തിയായി
ന്യൂഡൽഹി: കേരളമടക്കം സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ നടത്തുന്ന പ്രത്യേക തീവ്ര പുനരവലോകനത്തിന്‍റെ (എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോമുകളുടെ വിതരണം 99 ശതമാനവും പൂർത്തിയായെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ. 50.97 കോടി വോട്ടർമാരാണുള്ളത്. 50.50 കോടി എന്യൂമറേഷൻ ഫോമുകൾ ഭാഗികമായി പൂരിപ്പിച്ച് തിരികെക്കിട്ടി. ഇതു 99.07 ശതമാനമാണ്. ഡിസംബർ നാലുവരെ ഇതിന്‍റെ നടപടികൾ തുടരുമെന്നും കമ്മിഷൻ.
കേരളം, ഗോവ, ഛത്തിസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലും പുതുച്ചേരി, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് എസ്‍ഐആർ.
അതിനിടെ, എസ്ഐആറിൽ കടുത്ത ജോലിഭാരമാണെന്ന് ആരോപിച്ച് പശ്ചിമ ബംഗാളിൽ ഇന്നലെ ബൂത്ത് തല ഉദ്യോഗസ്ഥർ (ബിഎൽഒ) മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിലേക്ക് മാർച്ച് നടത്തി. പൊലീസ് ഇവരെ തടഞ്ഞത് സംഘർഷത്തിനിടയാക്കി. ബിഎൽഒമാർ വീട്ടിലെത്തിയാൽ അവരെ അകത്താക്കി അടച്ചിടണമെന്ന് ഝാർഖണ്ഡിലെ കോൺഗ്രസ് മന്ത്രി ഇർഫാൻ അൻസാരി അണികളോട് ആഹ്വാനം ചെയ്തു. ഇതു വിവാദമായി.