ജ്ഞാനേഷ് കുമാറിനെതിരായ ഇംപീച്ച്‌മെന്‍റ് നീക്കത്തിന് അടിസ്ഥാനമില്ലെന്ന് മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

ആരോപണങ്ങൾ അവ്യക്തവും ശക്തമായ വസ്തുതകളുടെയോ കാരണങ്ങളുടെയോ പിൻബലമില്ലാത്തതുമാണെങ്കിൽ ഇംപീച്ച്‌മെന്‍റ് പ്രമേയം കൊണ്ടുവരാനാകില്ലെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു
Gyanesh Kumar, Mukul Rohatgi

ജ്ഞാനേഷ് കുമാർ, മുകുൾ റോഹത്ഗി

Updated on: 

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ നീക്കത്തിന് ഭരണഘടനാപരമായ അടിസ്ഥാനമില്ലെന്ന് മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്‌ഗി. ആരോപണങ്ങൾ അവ്യക്തവും ശക്തമായ വസ്തുതകളുടെയോ കാരണങ്ങളുടെയോ പിൻബലമില്ലാത്തതുമാണെങ്കിൽ ഇംപീച്ച്‌മെന്‍റ് പ്രമേയം കൊണ്ടുവരാനാകില്ലെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിഷനിലെ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യ സംവിധാനത്തിൽ സ്വാഭാവികമാണെന്ന് റോഹത്‌ഗി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് അയച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട 14 ഭരണപരമായ കുറിപ്പുകളും കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തും ജ്ഞാനേഷ് കുമാറിനെ നീക്കാനുള്ള നടപടിക്ക് അടിസ്ഥാനമാകില്ലെന്നാണ് റോഹത്‌ഗിയുടെ നിലപാട്.

തെരഞ്ഞെടുപ്പ് കമ്മിഷൻ ഭൂരിപക്ഷ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് റോഹത്‌ഗി ചൂണ്ടിക്കാട്ടി. അവസാനം കമ്മിഷൻ ഏകകണ്ഠമായി ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ, ആഭ്യന്തരമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെട്ടുവെന്നാണ് അതിന്‍റെ അർഥമെന്നും അദ്ദേഹം പറഞ്ഞു. “മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ മൂന്നംഗ കമ്മിഷനിലെ ഒരംഗം മാത്രമാണ്. മറ്റു രണ്ട് കമ്മിഷണർമാരുടേതിന് തുല്യമായ വോട്ടാണ് അദ്ദേഹത്തിനുമുള്ളത്”- റോഹത്‌ഗി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മിഷണർമാർ കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചതിനെക്കുറിച്ചും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഭരണഘടനാപരമായ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ആഭ്യന്തര വിഷയങ്ങളിൽ കാബിനറ്റ് സെക്രട്ടറിക്ക് എന്ത് പങ്കാണുള്ളതെന്ന് വ്യക്തമല്ലെന്നും അത്തരമൊരു കത്ത് നൽകിയത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്മിഷന്‍റെ ആഭ്യന്തര കുറിപ്പുകൾ പുറത്തുവന്നതിലും റോഹത്‌ഗി സംശയം പ്രകടിപ്പിച്ചു. അവ ആരാണ് ചോർത്തിയതെന്നും അവയിലെ വിവരങ്ങൾ എത്രത്തോളം ശരിയാണെന്നും എന്തുകൊണ്ടാണ് അത്തരത്തിൽ കത്തുകൾ അയച്ചതെന്നും വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയിലെ ഭരണഘടനാ ബെഞ്ചുകളിലെ ജഡ്ജിമാർക്കിടയിലും പലപ്പോഴും അഭിപ്രായവ്യത്യാസങ്ങളുണ്ടാകാറുണ്ടെന്ന് റോഹത്‌ഗി ചൂണ്ടിക്കാട്ടി. എന്നാൽ അന്തിമമായി പുറപ്പെടുവിക്കുന്ന ഔദ്യോഗിക വിധിയാണ് പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് ജസ്റ്റിസിന്‍റെ നിലപാടിനോട് മറ്റ് ജഡ്ജിമാർ വിയോജിക്കുന്ന കേസുകൾ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് മാത്രം ചീഫ് ജസ്റ്റിസ് തെറ്റായ പെരുമാറ്റം നടത്തിയെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് കമ്മിഷൻ വിഷയത്തിൽ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കേണ്ടതില്ലെന്നും റോഹത്ഗി പറഞ്ഞു. കമ്മിഷൻ ഔദ്യോഗികമായി ഏകകണ്ഠമായ നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിൽ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് എന്താണ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔദ്യോഗിക പ്രസ്താവനയിൽ മൂന്ന് കമ്മിഷണർമാരുടെയും ഒപ്പില്ലാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനും റോഹത്‌ഗി മറുപടി നൽകി. ഔദ്യോഗിക ഉത്തരവുകൾ പലപ്പോഴും ചട്ടങ്ങൾ അനുസരിച്ച് ഉദ്യോഗസ്ഥർ മുഖേന ആധികാരികമാക്കാറുണ്ടെന്നും അതുകൊണ്ട് ആ ഉത്തരവ് ഒപ്പിട്ട ഉദ്യോഗസ്ഥന്‍റെ വ്യക്തിപരമായ നിലപാടായി മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടതിനെക്കുറിച്ചും റോഹത്‌ഗി പ്രതികരിച്ചു. രാഷ്ട്രീയ നേതാക്കൾക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള അവകാശമുണ്ടെന്നും എന്നാൽ നിയമപരമായി നോക്കുമ്പോൾ ജ്ഞാനേഷ് കുമാറിനെതിരായ ഇംപീച്ച്‌മെന്‍റ് നീക്കത്തിന് ശക്തമായ അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇംപീച്ച്മെന്‍റ് നടപടി എങ്ങനെ

ഭരണഘടനയിലെ ആർട്ടിക്കിൾ 324(5) പ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമത്തിന് വിധേയമായാണ് നീക്കം ചെയ്യാനാകുക. പാർലമെന്‍റിന്‍റെ ഇരുസഭകളും പ്രമേയം പാസാക്കണം. ആകെ അംഗസംഖ്യയുടെ ഭൂരിപക്ഷവും ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്. തെളിയിക്കപ്പെട്ട ദുർനടപ്പിന്‍റെയോ കഴിവില്ലായ്മയുടെയോ അടിസ്ഥാനത്തിലായിരിക്കണം നടപടി.

logo
Metro Vaartha
www.metrovaartha.com