

ഭഗത് ചുന്നി ലാൽ
ചണ്ഡീഗഡ്: മുൻ പഞ്ചാബ് മന്ത്രിയും ബിജെപി നേതാവുമായ ഭഗത് ചുന്നി ലാൽ അന്തരിച്ചു. അദ്ദേഹത്തിന്‍റെ മകനും മന്ത്രിയുമായ മൊഹിന്ദർ ഭഗത് ആണ് മരണവിവരം സ്ഥിരീകരിച്ചത്. 93ാം വയസിൽ ജലന്ധറിലെ വസതിയിൽ വച്ചാണ് അന്ത‍്യം. ജലന്ധറിൽ വൈകീട്ട് 5 മണിക്കാണ് സംസ്കാരം. ചുന്നി ലാലിന്‍റെ വിയോഗത്തെ തുടർന്ന് പഞ്ചാബ് സർക്കാർ പകുതി ദിവസത്തെ അവധി പ്രഖ‍്യാപിച്ചു.
1932 ഡിസംബർ 1ന് പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ ജനിച്ച ചുന്നി ലാലിന്‍റെ കുടുംബം വിഭജനത്തിന് ശേഷം ജലന്ധറിലേക്ക് കുടിയേറുകയായിരുന്നു. മൂന്ന് തവണ നിയമസഭാംഗമായ ചുന്നി ലാൽ പഞ്ചാബ് നിയമസഭ ഡെപ‍്യൂട്ടി സ്പീക്കറായും പ്രവൃത്തിച്ചിട്ടുണ്ട്.
ജലന്ധർ സൗത്തിൽ 1985ൽ സ്വതന്ത്രനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടർന്ന് അതേ മണ്ഡലത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിച്ചതോടെയാണ് വിജയം അറിഞ്ഞത്. പിന്നീട് 2007, 2012 വർഷങ്ങളിൽ വീണ്ടും എംഎൽഎയായി. ചുന്നി ലാലിന്‍റെ മകനായ മൊഹിന്ദർ ഭഗത് 2023 ഏപ്രിലിൽ ബിജെപി വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നിരുന്നു.