

തമിഴ്നാട്ടിൽ എംഎൽഎമാർക്കുള്ള ‘സൗജന്യ കാർ’ പദ്ധതി വിവാദത്തിൽ
ചെന്നൈ: തമിഴ്നാട്ടിലെ മുഴുവൻ എംഎൽഎമാർക്കും സർക്കാർ വാഹനം നൽകാനുള്ള മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ പ്രഖ്യാപനം വിവാദത്തിൽ. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും ചൂണ്ടിക്കാട്ടി പ്രതിപക്ഷമായ ഡിഎംകെ സർക്കാർ വാഹനങ്ങൾ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍റെ നേതൃത്വത്തിൽ 59 ഡിഎംകെ എംഎൽഎമാരും സർക്കാർ വാഹന സൗകര്യം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. സർക്കാർ കടബാധ്യതയിലാണെന്ന് തുടർച്ചയായി പറയുന്ന സാഹചര്യത്തിൽ ഇത്തരം അധിക ചെലവ് ഒഴിവാക്കണമെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
നിലവിൽ വാഹനം സ്വന്തമായുള്ള എംഎൽഎമാർക്ക് സർക്കാർ കാർ അനുവദിക്കുന്നതിന് മുൻപ് അവരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലവും സാമ്പത്തിക സ്ഥിതിയും പരിശോധിക്കണമെന്നും ഉദയനിധി ആവശ്യപ്പെട്ടു. സൗജന്യങ്ങൾക്കെതിരേ നിലപാട് സ്വീകരിച്ചിരുന്ന ടിവികെ സർക്കാർ ഇപ്പോൾ സൗജന്യ കാർ നൽകുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, സർക്കാർ തീരുമാനത്തെ മന്ത്രി ആദവ് അർജുന പ്രതിരോധിച്ചു. എല്ലാ എംഎൽഎമാരെയും തുല്യമായി പരിഗണിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ കക്ഷികളിൽ നിന്നുള്ളതും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളതുമായ നിരവധി എംഎൽഎമാർക്ക് മണ്ഡലങ്ങളിൽ സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാഹനം ആവശ്യമാണ്. അതിനാൽ കാർ ആഡംബരമല്ലെന്നും അടിസ്ഥാന ആവശ്യമായാണ് സർക്കാർ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മണ്ഡലങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായി എംഎൽഎമാർക്ക് നിരന്തരം യാത്ര ചെയ്യേണ്ടിവരുന്നതിനാലാണ് സർക്കാർ വാഹനം അനുവദിക്കുന്നതെന്ന് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ വിശദീകരിച്ചിരുന്നു. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടവരും സാധാരണ സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുള്ളവരുമായ നിരവധി എംഎൽഎമാർക്ക് ഈ സൗകര്യം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സർക്കാർ വാഹനത്തിന്‍റെ ഡ്രൈവർ, ഇന്ധനം, അറ്റകുറ്റപ്പണി തുടങ്ങിയ ചെലവുകൾക്കായി ഓരോ എംഎൽഎയ്ക്കും പ്രതിമാസം 75,000 രൂപയുടെ അലവൻസും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.